മൊഴിമാറ്റാൻ അപവാദപ്രചരണവും ഭീഷണിയുമെന്ന് അഭയ കേസിലെ സാക്ഷി പ്രൊഫസർ ത്രേസ്യാമ്മ

single-img
17 September 2019

അഭയ കേസിൽ പ്രതികൾക്കെതിരെ സാക്ഷിപറഞ്ഞതിന് തനിക്കെതിരെ അപവാദപ്രചരണം നടത്തുന്നതായി സിസ്റ്റർ അഭയ പഠിച്ചിരുന്ന ബിസിഎംകോളേജിലെ അധ്യാപികയായിരുന്ന പ്രൊഫസർ ത്രേസ്യാമ്മ. മൊഴിമാറ്റുന്നതിനായി തന്നെ ചിലർ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് അപവാദ പ്രചാരണം നടത്തിയെന്നും ത്രേസ്യാമ്മ മാധ്യമങ്ങളോട് പറഞ്ഞു.

“ ഞാൻ സത്യമാണ് പറയുന്നത്. എന്ത് പ്രേരണയുണ്ടായാലും ഞാൻ മൊഴി മാറ്റുകില്ലെന്ന് അവർക്ക് അറിയാം. സത്യം പറയുന്നതിന് ആരെയാ ഭയപ്പെടുന്നത്. മൊഴിമാറ്റാൻ ആരും നേരിട്ട് പ്രേരിപ്പിച്ചിട്ടില്ല. മറ്റു ചിലരെ കൊണ്ട് ഉപദ്രവിച്ചിട്ടുണ്ട്. കേസ് ഒതുക്കിതീർക്കാൻ സ്വാധീനിക്കുന്ന ഒത്തിരിപ്പേരുണ്ട്. ഇവർക്ക് വേണ്ടി വാദിക്കാൻ ഒരു ചളിപ്പുമില്ലാതെ വന്നു നിൽക്കുന്നവരുണ്ട്. നന്നായി നേട്ടങ്ങൾ കൊയ്തെടുക്കാനാണ് ഇത്. ഇവർക്ക് ഒരുപാട് സ്ഥാപനങ്ങളുണ്ട്. ഇവിടെ ജോലി ലഭിക്കും. ഇഷ്ടംപോലെ പണവും കിട്ടും.”


ത്രേസ്യാമ്മ പറഞ്ഞു.

അഭയ കേസ് പ്രതികൾക്കെതിരെ സ്വഭാവ ദൂഷ്യ ആരോപണങ്ങൾ ഉണ്ടായിരുന്നു എന്നാണ് ത്രേസ്യാമ്മ സിബിഐ കോടതിയിൽ മൊഴിനൽകിയത്. അഭയയുടെ മൃതദേഹം കാണുമ്പോള്‍ തലയില്‍ മുറുവുണ്ടായിരുന്നെന്നും ഫാദർ തോമസ് കോട്ടൂരിനെതിരെയും ,ഫാദർ ജോസ് പുതൃക്കയിലിനെതിരെയും നിരവധി പെണ്‍കുട്ടികള്‍ തന്നോടു പറഞ്ഞിരുന്നതായും ത്രേസ്യാമ്മയുടെ മൊഴിയിൽ പറയുന്നു.

കുടുംബസ്ഥരായി കഴിയുന്നവർക്കും മഠത്തിൽ കഴിയുന്നവർക്കും മൊഴി മാറ്റാതിരിക്കാനാകില്ല. ഇല്ലെങ്കിൽ പിന്നെ മഠത്തിലേക്ക് പോകാൻ കഴിയില്ല. കുടുംബസ്ഥരാണെങ്കിൽ അത് തകർക്കും. താൻ അവിവാഹിതയായതിനാൽ തനിക്ക് ഒന്നും നോക്കാനില്ലെന്നും സ്വതന്ത്രയായതുകൊണ്ടാണ് സാക്ഷി പറയാൻ തയാറായതെന്നും ത്രേസ്യാമ്മ പറയുന്നു.

“അഭയയുടെ മൃതദേഹം എടുത്ത് കിണറിന് സമീപം കിടത്തിയിരിക്കുമ്പോഴാണ് ഞങ്ങളെത്തിയത്. ബെഡ് ഷീറ്റ് കൊണ്ട് മൂടിയിട്ടിരുക്കുകയായിരുന്നു. പുതൃക്കയിലാണ് അവിടെ കാര്യസ്ഥനെ പോലെ പ്രവർത്തിച്ചത്. അദ്ദേഹം കഴുത്തിന്റെ ഭാഗംവരെ ബെഡ് ഷീറ്റ് മാറ്റി മുഖം കാണിച്ചുതന്നു. നോട്ടത്തിൽ ആ മുറിവ് ഞാൻ ശ്രദ്ധിച്ചു. ഇക്കാര്യം സിബിഐയോട് പറഞ്ഞു. കോട്ടൂരിനും പുതൃക്കയിലിനുമെതിരെ നിരവധി പെൺകുട്ടികൾ പരാതി പറഞ്ഞിട്ടുണ്ട്. അവരുടെ നോട്ടം വല്ലാത്ത രീതിയിലാണ്. മിഡി ഇടുന്ന കുട്ടികളുടെ കാലിലൊക്കെ നോക്കും….. സിസ്റ്റർ അഭയക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരുടെ ആത്മാവ് നീതിക്കായി ദാഹിച്ച് 27 വർഷമായി നടക്കുന്നു.”-


ത്രേസ്യാമ്മ പറയുന്നു.

പ്രതികളായ ഫാദർ തോമസ് കോട്ടൂരിനേയും സിസ്റ്റർ സെഫിയേയും അധ്യാപിക തിരിച്ചറിയുകയും ചെയ്തു. കേസിലെ പന്ത്രണ്ടാം സാക്ഷിയാണ് ത്രേസ്യാമ്മ.

1992 മാര്‍ച്ച് 27 നാണു സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുഘട്ടമായി നടന്ന അന്വേഷണത്തില്‍ സി.ബി.ഐ 177 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.കേസില്‍ ഫാ.തോമസ് കോട്ടൂരും   സിസ്റ്റര്‍ സെഫിയുമാണ് പ്രതികള്‍ .