വടക്കാഞ്ചേരിയിലെ സിപിഎം നേതാവിനെതിരായ ബലാത്സംഗക്കേസ് വ്യാജമെന്ന് പൊലീസ്: അന്വേഷണം അവസാനിപ്പിച്ചു

single-img
16 September 2019

വടക്കാഞ്ചേരിയിൽ സിപിഎം പ്രാദേശിക നേതാവിനെതിരെ യുവതി നൽകിയ പീഡന പരാതി വ്യാജമെന്ന് പൊലീസിന്റെ കണ്ടെത്തൽ. ഇതോടെ ഈ കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചതായും അനില്‍ അക്കര എംഎൽഎക്ക്  ആഭ്യന്തര വകുപ്പ് നല്‍കിയ കത്തിൽ അറിയിച്ചു.

സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടമ്മയെ കൂട്ട ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു പരാതി. രണ്ടു വര്‍ഷം മുന്‍പാണ് സംഭവം നടന്നതെന്നും പൊലീസ് അന്ന് കേസ് മുക്കിയെന്നും 2016 നവംബർ ഒന്നിന് യുവതി  ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചത് വൻ വിവാദമായിരുന്നു. ബിനീഷ്,ജയന്തൻ,ജിനേഷ്, ഷിബു എന്നിവരായിരുന്നു കേസിലെ പ്രതികൾ. ജിനേഷ് ,ഷിബു എന്നിവർ ജയന്തന്റെ സഹോദരൻമാരാണ്.

തൃശൂരിൽ വച്ചാണ് പീഡനം നടന്നതെന്നും വീഡിയോ എടുത്തതിനാലാണ് പുറത്ത് പറയാതെ ഇരുന്നതെന്നും യുവതി പറഞ്ഞിരുന്നു. പിന്നീട് കേസ് കൊടുത്തെങ്കിലും ഭീഷണിയെ തുടർന്ന് അത് പിൻവലിച്ചു. വീണ്ടും ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് കേസ് കൊടുത്തതെന്ന് യുവതി പറഞ്ഞിരുന്നു.

എന്നാൽ, സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് പരാതിക്ക് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പരാതിക്കാരിയുടെ ഭർത്താവ് കേസിലെ പ്രതിയായി ആരോപിക്കപ്പെട്ട ജയന്തന് മൂന്നരലക്ഷം രൂപ രേഖകളില്ലാതെ കടമായി നൽകുകയും അത് തിരികെ നൽകാതിരിക്കുകയും ചെയ്തതിന്റെ വൈരാഗ്യത്തിനായി ഇത്തരമൊരു കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നത്. പരാതിക്കാരിയുടെ ഭർത്താവിനെ എതിർകക്ഷികൾ മർദ്ദിച്ചതും വൈരാഗ്യത്തിനു കാരണമായതായി പൊലീസ് പറയുന്നു.

യുവതി ആരോപിച്ച പ്രകാരമുള്ള കുറ്റകൃത്യം നടന്നിട്ടില്ല എന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് കേസിലെ എഫ്ഐആർ റദ്ദ് ചെയ്തതെന്നും അനിൽ അക്കരയ്ക്ക് ലഭിച്ച മറുപടിയിൽ ആഭ്യന്ത്ര വകുപ്പ് വ്യക്തമാക്കുന്നുണ്ട്. അന്നത്തെ പാലക്കാട് എഎസ്പിയായിരുന്ന പൂങ്കുഴലി ഐപിഎസ് ആയിരുന്നു കേസന്വേഷിച്ചത്.

യുവതിക്കും ഭർത്താവിനുമെതിരെ നേരത്തെ ഭർതൃമാതാവ് തന്നെ രംഗത്തെത്തിയിരുന്നു.
മരുമകളും മകനും ചേർന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ആരോപണം.