15 വയസായ മകളെ അമ്മ ഒരു ലക്ഷം രൂപക്ക് വിറ്റു; പെണ്‍കുട്ടിയെ വനിതാ കമ്മീഷന്‍ രക്ഷപെടുത്തി

single-img
16 September 2019

ഡല്‍ഹി ഭവാനയില്‍ അമ്മ ഒരു ലക്ഷം രൂപക്ക് വിറ്റ പതിനഞ്ചു വയസായ പെണ്‍കുട്ടിയെ രക്ഷപെടുത്തിയതായി വനിതാ കമ്മീഷന്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സെക്ഷന്‍ 370 എ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ബദര്‍പൂരിലെ സഹോദരിയുടെ വീട്ടിലേക്ക് വരാന്‍ അമ്മ പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, നിസാമുദ്ദീനിലെ ഒരു ഹോട്ടലിലേക്കാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. മറ്റൊരാള്‍ വന്ന് വീട്ടിലേക്ക് കൊണ്ടുപോകും എന്ന് പറഞ്ഞ ശേഷം മാതാവ് ഇവിടെ നിന്ന് സ്ഥലംവിടുകയായിരുന്നു.

പിന്നീട് വന്നയാള്‍ പെണ്‍കുട്ടിയെ മറ്റൊരു വീട്ടില്‍ എത്തിക്കുകയും അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ പെണ്‍കുട്ടിയോട് വിവാഹവസ്ത്രം അണിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു ലക്ഷം രൂപക്ക് പെണ്‍കുട്ടിയെ വിറ്റതാണെന്നും ഇവര്‍ അറിയിച്ചു . ഇവിടുന്ന് രക്ഷപെട്ട പെണ്‍കുട്ടി സ്വന്തം നാടായ ഭവാനയിലെത്തിയ ശേഷം അയല്‍ക്കാരോട് സഹായം ആവശ്യപ്പെടുകയായിരുന്നു. അയല്‍ക്കാര്‍ വനിത കമീഷനിലും പൊലീസിലും വിവരം നല്‍കിയതിനെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ പെണ്‍കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു

മാതാവിനും രണ്ടാനച്ഛനും നാല് സഹോദരങ്ങള്‍ക്കും ഒപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. അതേസമയം, തന്റെ ഒരു വയസുകാരനായ സഹോദരനെയും മാതാവ് ഇത്തരത്തില്‍ മനുഷ്യക്കടത്തുകാര്‍ക്ക് വിറ്റതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.