സൗദി ഡ്രോണ്‍ആക്രമണം; എണ്ണ വില കുതിച്ചുയര്‍ന്നു, 28 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധനവ്

single-img
16 September 2019

സൗദി ഡ്രോണ്‍ ആക്രമണത്തെതുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണ വില കുതിച്ചുയരുന്നു. അസംസ്‌കൃത എണ്ണവില 20ശതമാനം കൂടി ബാരലിന് 70 ഡോളറായി വര്‍ദ്ധിച്ചു. സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ എണ്ണപ്പാടത്തും ശുദ്ധീകരണ പ്ലാന്റിലും ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് വില വര്‍ദ്ധനവ്.

ആക്രമണത്തെ തുടര്‍ന്ന് എണ്ണ ഉത്പാദനം പകുതിയായി കുറഞ്ഞിരുന്നു. ഇതോടെ സൗദിയുടെ പ്രതിദിന എണ്ണ ഉത്പാദനം 98 ലക്ഷം ബാരലില്‍ നിന്ന് 41ലക്ഷം ബാരലായി കുറയും

പെട്ടെന്നുണ്ടായ വിലവര്‍ദ്ധന ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും കാര്യമായി ബാധിക്കും.എണ്ണവിലയില്‍ ഉണ്ടാകുന്ന ഓരോ ഡോളര്‍ വിലവര്‍ദ്ധനയും ഒരു വര്‍ഷത്തില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവുകളില്‍ 10,700 കോടിയുടെ വര്‍ദ്ധനവ് വരുത്തും. 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ മാത്രം 111.9 ബില്ല്യണ്‍ ഡോളറാണ് ഇന്ത്യ എണ്ണ ഇറക്കുമതിക്കായി ചിലവഴിച്ചത്.

കനത്ത നാശനഷ്ടമുണ്ടായ ബുഖ്‌യാഖ് പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തും പുനരുദ്ധാരണ നടപടികള്‍ പുരോഗമിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്റ്റെബിലൈസേഷന്‍ പ്ലാന്റാണ് ബുഖ്‌യാഖിലേത്. ലോകത്തെ പ്രതിദിന എണ്ണ വിതരണം പത്ത് കോടി ബാരലാണ്. അതിന്റെ പത്ത് ശതമാനം ആണ് സൗദി ഉല്‍പ്പാദിപ്പിക്കുന്നത്.