മോട്ടോര്‍ വാഹന നിയമ ഭേദഗതി; ഇന്ന് ഉന്നത തല യോഗം , പിഴ കുറയ്ക്കാന്‍ നടപടിക്ക് സാധ്യത

single-img
16 September 2019

തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കുന്നതിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഗതാഗത നിയമലംഘനത്തിന് ചുമത്തുന്ന പിഴ കുറയ്ക്കുന്നതിന്റെ സാധ്യത പ്രധാനമായും ചര്‍ച്ച ചെയ്യും.

ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിവരെ വര്‍ധിപ്പിച്ചാണ് കേന്ദ്രം വിജ്ഞാപനം പുറത്തിറക്കിയത്. ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.

പല സംസ്ഥാനങ്ങളും നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിത്തുടങ്ങിയ സഹാചര്യത്തിലാണ് നിയമപരമായ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഉയര്‍ന്ന പിഴയില്‍ ഒരുതവണ ഇളവ് നല്‍കിയാല്‍ മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. പിഴ പകുതിയാക്കാനുള്ള ആലോചന നടക്കുന്നുവെങ്കിലും തീരുമാനമായിട്ടില്ല.

പിഴ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി അറിയിച്ചെങ്കിലും ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.
കേന്ദ്ര ഉത്തരവ് വന്നതിനു ശേഷം മാത്രമേ സംസ്ഥാനം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളു.