മരട് ഫ്ലാറ്റ് പൊളിക്കൽ: പ്രധാനമന്ത്രിയ്ക്ക് എംപിമാരുടെ കത്ത്; രാഹുൽ ഗാന്ധിയടക്കം മൂന്നുപേർ ഒപ്പിട്ടില്ല

single-img
16 September 2019

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ അ‍ഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ചു കളയണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് രൂപം കൊണ്ട അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി. കേരളത്തിലെ 17 എംപിമാര്‍ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.

കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍, വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കും കത്തിന്‍റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

എന്നാൽ മൂന്ന് എം.പിമാര്‍ കത്തില്‍ ഒപ്പിട്ടില്ല. ടി.എന്‍.പ്രതാപന്‍, എന്‍.കെ.പ്രേമചന്ദ്രന്‍, രാഹുല്‍ ഗാന്ധി എന്നിവരാണ് കത്തില്‍ ഒപ്പിടാതിരുന്നത്. മരട് വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാടുള്ളതിനാലാണ് ടി.എന്‍.പ്രതാപനും എന്‍.കെ.പ്രേമചന്ദ്രനും കത്തില്‍ ഒപ്പുവെയ്ക്കാതിരുന്നത്. എന്നാല്‍ സ്ഥലത്ത് ഇല്ലാത്തതിനാലാണ് വയനാട് എം.പി. രാഹുല്‍ഗാന്ധി ഒപ്പിടാതിരുന്നതെന്നാണ് വിശദീകരണം. 

350-ഓളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കേരളത്തിലെ 17 എം.പി.മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചത്. മരട് നഗരസഭ ഫ്‌ളാറ്റ് ഉടമകളില്‍നിന്ന് നികുതി സ്വീകരിക്കുന്നുണ്ടെന്നും നിയമലംഘനത്തെക്കുറിച്ച് ഉടമകള്‍ക്ക് അറിവില്ലായിരുന്നുവെന്നും കത്തില്‍ പറയുന്നു. മനുഷ്യത്വപരമായ സമീപനം മരട് വിഷയത്തില്‍ വേണമെന്നും എം.പിമാര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.