ആന്ധ്രാ മുൻ സ്പീക്കർ കോഡെല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്തു

single-img
16 September 2019

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ മുന്‍ നിയമസഭ സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഡോ കോഡെല ശിവപ്രസാദ് റാവു(72) ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെ സ്വവസതിയില്‍ വെച്ച് തൂങ്ങിമരിക്കാൻ ശ്രമിച്ച അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആർ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ ശിവപ്രസാദ് റാവുവിനും കുടുംബത്തിനുമെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്. സ്പീക്കറുടെ ഔദ്യോഗിക വസതിയിൽ നിന്നും ലാപ്ടോപ്പുകളും ഫർണീച്ചറുകളും മോഷണം പോയതിന് ശിവപ്രസാദ് റാവുവിന്റെമകനെതിരെ അടുത്തിടെ കേസെടുത്തിരുന്നു.

ആന്ധ്രപ്രദേശ് വിഭജനത്തിനു ശേഷം, 2014–ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സത്തേനപള്ളിയിൽ നിന്ന് വിജയിച്ചാണ് റാവു നിയമസഭയിൽ എത്തിയത്. തുടർന്നു സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. അതിനു മുൻപു ഐക്യ ആന്ധ്രയിൽ അഞ്ച് തവണ നർസറോപേട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തി.

ആന്ധ്ര പ്രദേശിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച കോഡ‌്‌ല ശിവപ്രസാദ് റാവു ഗുണ്ടൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷം 1983-ലാണ് ടിഡിപിയിൽ എത്തുന്നത്. 1987 മുതല്‍ 88 വരെ സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്നു. 1996 മുതല്‍ 1999 വരെ ജലസേചന, പഞ്ചായത്ത് രാജ് വകുപ്പുകളും കൈകാര്യം ചെയ്തു.