നാനാത്വത്തിൽ ഏകത്വം തകർക്കാൻ ഒരു ഷായേയും സുൽത്താനെയും അനുവദിക്കില്ല: അമിത് ഷായ്ക്ക് കമൽ ഹാസന്റെ മറുപടി

single-img
16 September 2019

ഹിന്ദി അടിച്ചേൽപ്പിക്കുന്നതുമായ ബന്ധപ്പെട്ട വിവാദങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി ദക്ഷിണേന്ത്യൻ സിനിമാതാരവും സംവിധായകനുമായ കമൽ ഹാസൻ രംഗത്ത്. തമിഴ് ഭാഷയ്ക്ക് വേണ്ടിയുള്ള പോരാട്ടം ജല്ലിക്കെട്ട് വിഷയത്തിലുണ്ടായ പ്രതിഷേധത്തിന്റെ പതിന്മടങ്ങ് പ്രഹരശേഷിയുള്ളതാകുമെന്ന് കമൽ ഹാസൻ പറഞ്ഞു.

തമിഴ് ജനതയെ അത്തരമൊരു പോരാട്ടത്തിലേയ്ക്കെത്തിക്കുന്ന സാഹചര്യം ആരും ആഗഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിൽ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തമിഴിലും ഇംഗ്ലീഷിലുമായി വെവ്വേറെ വീഡിയോകൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.

രാജ്യമൊട്ടാകെ ദേശീയഗാനം അഭിമാനപൂർവ്വം ആലപിക്കപ്പെടുന്നത് ബംഗാളിയിലാണെന്നും അതിനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയഗാനം രചിച്ച കവി എല്ലാ ഭാഷകൾക്കും സംസ്കാരങ്ങൾക്കും ആ ഗാനത്തിൽ അർഹിക്കുന്ന ബഹുമാനം നൽകിയിട്ടുണ്ട് എന്നതാണ് അതിന്റെ കാരണമെന്നും മക്കൾ നീതി മെയ്യം എന്ന പാർട്ടിയുടെ സ്ഥാ‍പകനേതാവ് കൂടിയായ കമൽ ഹാസൻ പറഞ്ഞു.

“നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യ ഒരു റിപ്പബ്ലിക് ആകുമ്പോൾ നൽകിയ വാഗ്ദാനമാണ്. ആ വാഗ്ദാനത്തിൽ വെള്ളം ചേർക്കാൻ ഒരു ‘ഷാ’യേയും സുൽത്താനേയും സാമ്രാട്ടിനേയും അനുവദിക്കില്ല. ഞങ്ങൾ എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നു. പക്ഷേ തമിഴ് എല്ലായ്പ്പോഴും ഞങ്ങളുടെ മാതൃഭാഷയായിരിക്കും.”

കമൽ ഹാസൻ പറഞ്ഞു.

സമഗ്രമായ ഇന്ത്യയെ ചിലരുടെ മാത്രം ഇന്ത്യയാക്കി മാറ്റരുതെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇത്തരം ദീർഘവീക്ഷണമില്ലാത്ത അവിവേകങ്ങളുടെ പരിണിത ഫലം എല്ലാവരും അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു സ്വതന്ത്രരാജ്യമായിത്തുടരുമെന്ന് ഞങ്ങൾക്ക് തെളിയിച്ച് തരേണ്ട ബാദ്ധ്യത നിങ്ങളുടേതാണെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് പറഞ്ഞു. പുതിയ നിയമമോ പദ്ധതികളോ ആവിഷ്കരിക്കുന്നതിനു മുൻപ് നിങ്ങൾ ജനങ്ങളുടെ അഭിപ്രായം ആരായണമെന്നും അദ്ദേഹം പറഞ്ഞു.