ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

single-img
16 September 2019

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കാശ്മീരിലെ രാഷ്ട്രപതി ഭരണത്തിനെതിരെയും താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് എതിരെയുമുള്ള ഹര്‍ജികളും ഇന്ന് കോടതിയുടെ പരിഗണനയില്‍ വരും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, എസ്. അബ്ദുള്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാവും ഹര്‍ജികള്‍ പരിഗണിക്കുക.സജാദ് ലോണിന്റെ നേതൃത്വത്തിലുള്ള ജമ്മുകാശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സും രാജ്യസഭാ എം.പിയും എം.ഡി.എം.കെ സ്ഥാപകനുമായ വൈകോ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് തുടങ്ങിയവരാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

കശ്മീരില്‍ ചെന്ന് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കാണുന്നതിന് അനുമതി നല്‍കണമെന്ന ആവശ്യവുമായാണ് ഗുലാം നബി ആസാദ് ഹര്‍ജി നല്‍കിയത്. ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ370ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കുശേഷം കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ആസാദ് ശ്രമം നടത്തിയെങ്കിലും അധികൃതര്‍ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയയ്ക്കുകയായിരുന്നു. മാധ്യമ നിയന്ത്രണങ്ങള്‍ക്കെതിരെ കാശ്മീര്‍ ടൈംസ് എഡിറ്റര്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും.