ചെക്ക് കേസ് തള്ളി; തുഷാര്‍ വെള്ളാപ്പള്ളി കേരളത്തില്‍: വിമാനത്താവളത്തില്‍ വമ്പിച്ച സ്വീകരണം

single-img
15 September 2019

കൊച്ചി: യുഎഇയിലെ അജ്മാന്‍ കോടതിയില്‍ നിന്നും ചെക്ക് കേസില്‍ കുറ്റവിമുക്തനായി നാട്ടിലെത്തിയ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ഗംഭീര സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍. കേസ് അജ്മാന്‍ കോടതി തള്ളിയതിനെ തുടര്‍ന്നു ദുബായ് വഴി രാവിലെയോടെയാണ് തുഷാര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്.

വിമാനത്താവളത്തിലും തുടര്‍ന്ന് ആലുവ പ്രിയദര്‍ശിനി മുനിസിപ്പല്‍ ടൗണ്‍ ഹാളിലുമാണു സ്വീകരണം ഒരുക്കിയത്. ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരും തുഷാറിനെ സ്വീകരിക്കാനെത്തിയിരുന്നു.

തുഷാര്‍ കഴിഞ്ഞ മാസം 21ന് ആണ് ചെക്ക് കേസില്‍ തുഷാര്‍ അജ്മാനില്‍ അറസ്റ്റിലായത്. പത്തുവര്‍ഷം മുന്‍പ് അജ്മാനില്‍ ബോയിങ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച നാസില്‍ അബ്ദുല്ലയ്ക്കു വണ്ടിച്ചെക്ക് നല്‍കി എന്നായിരുന്നു ആരോപണം. കേസില്‍ രാഷ്ട്രീയം ഇല്ലെന്നും രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും സഹായിച്ചെന്നും തുഷാര്‍ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായി എംഎ യൂസഫലിക്കും തുഷാര്‍ നന്ദി അറിയിച്ചിരുന്നു.