തൊഴിലില്ലായ്മയ്ക്ക് കാരണം ഉത്തരേന്ത്യയിലെ ഉദ്യോഗാർത്ഥികളുടെ നിലവാരമില്ലായ്മയെന്ന് കേന്ദ്ര തൊഴിൽ മന്ത്രി

single-img
15 September 2019

രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് കാരണം ഉത്തരേന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് നിലവാരമില്ലാത്തതുകൊണ്ടാണെന്ന്
കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗംഗ്വാർ.

രാജ്യത്ത് തൊഴിലില്ലായ്മ പ്രശ്നമില്ല. ഉത്തരേന്ത്യയിൽ റിക്രൂട്ട്‌മെന്റിനായി വരുന്ന കമ്പനികൾ തങ്ങൾ ഉദ്ദേശിക്കുന്ന തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയുള്ളവരെ കണ്ടെത്താൻ കഴിയുന്നില്ലെന്ന് പലപ്പോഴും പരാതിപ്പെടുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ബറേലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.

തൊഴിൽ മന്ത്രാലയത്തിന്റെ ചുമതലയുള്ള വ്യക്തിയാണ് താൻ, അതിനാൽ ഇക്കാര്യം ദിനം പ്രതി പരിശോധിക്കുന്നുണ്ട്. അതിനാൽ തന്നെ രാജ്യത്ത് തൊഴിൽ ക്ഷാമില്ല എന്ന് ഉറപ്പിച്ച് പറയാനാവും. നമുക്ക് എംപ്ലോയ്മെന്റ് എക്സചേഞ്ചുകളുണ്ട്. മറ്റൊരു സംവിധാനം വികസിപ്പിച്ചെടുക്കുന്നുമുണ്ട്. തൊഴിൽ മന്ത്രാലയം സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. മന്ത്രി ഉത്തരേന്ത്യന്‍ യുവതയെ അപമാനിച്ചെന്ന് പ്രിയങ്ക ആരോപിച്ചു. മിസ്റ്റര്‍ മന്ത്രി കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി നിങ്ങള്‍ ഭരിക്കുന്നു. ഇവിടെ തൊഴില്‍ സൃഷ്ടിച്ചിട്ടില്ല. സര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം തൊഴില്‍ നഷ്ടപ്പെടുകയാണ്. ഉത്തരേന്ത്യക്കാരെ അധിക്ഷേപിച്ച് നിങ്ങള്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്നും പ്രിയങ്ക വിമര്‍ശിച്ചു. 

പരാമര്‍ശം വിവാദമായതോടെ മന്ത്രി കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തി. പ്രത്യേക സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞത്. പ്രാവീണ്യമുള്ളവരുടെ കുറവുണ്ടെന്നാണ് ഉദ്ദേശിച്ചത്. അത് നികത്താനായാണ് യുവാക്കള്‍ക്ക് തൊഴില്‍ പ്രാവീണ്യം നല്‍കാനായി പ്രത്യേക മന്ത്രാലയം തുടങ്ങിയതെന്നും മന്ത്രി വിശദീകരിച്ചു.

യുവാക്കൾക്കിടയിൽ തൊഴിൽ പ്രതിസന്ധി ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സാമ്പത്തിക പാദത്തിൽ ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. ഉൽപ്പാദന മേഖലയിലും കാർഷിക ഉൽ‌പാദനത്തിലും ഗണ്യമായ ഇടിവുണ്ടായതിന്റെ ഫലമാണ് സാമ്പത്തിക മാന്ദ്യം സംഭവിച്ചതെന്ന് സ്റ്റാറ്റിസ്റ്റിക്സ്, പ്രോഗ്രാം മന്ത്രാലയത്തിന്റെ പ്രസ്താവനയിലും വ്യക്തമാക്കിയിരുന്നു.