പിഎസ് സി പരീക്ഷകള്‍ മലയാളത്തില്‍ നടത്തണമെന്ന ആവശ്യം; മുഖ്യമന്ത്രിയുമായി നാളെ ചര്‍ച്ച

single-img
15 September 2019

തിരുവനന്തപുരം: പിഎസ് സി പരീക്ഷകള്‍ മലയാളത്തില്‍ നടത്തണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി പിണരായി വിജയന്‍ നാളെ പിഎസ് സിയുമായി ചര്‍ച്ച നടത്തും. സംസ്ഥാന സര്‍ക്കാര്‍ ഭാഷാ നയം നടപ്പിലാക്കിയിട്ടും പിഎസ്‌സി മലയാളത്തില്‍ ചോദ്യം ചോദിക്കുന്നത് പൊലീസ് കോണ്‍സ്റ്റബിള്‍, എക്‌സൈസ് ഗാര്‍ഡ്, എല്‍ഡിസി പരീക്ഷകള്‍ക്ക് മാത്രമാണ്.

ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പട്ടത്തെ പിഎസ്‌സി ആസ്ഥാനത്തിന് മുന്നിലാരംഭിച്ച നിരാഹാര സമരം 18 ദിവസം പിന്നിടുകയാണ്. ആവശ്യം അംഗീകരിക്കുന്നതു വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സമരസമിതിയുടെ നിലപാട്. നാളെ നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടാകു മെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമര സമിതി അംഗങ്ങള്‍ പറഞ്ഞു.

അതേ സമയം എം.ടി, സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരെ നിരാഹാരമിരുത്തിയതിന് പിഎസ്‌സിയും സര്‍ക്കാരും ലജ്ജിക്കണമെന്ന് കവി വി. മധുസൂദനന്‍ നായര്‍ പറഞ്ഞു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറ്റാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.