മരടില്‍ ഫ്ലാറ്റുകള്‍ ഒഴിയുന്നതിനുള്ള സമയപരിധി അവസാനിക്കുന്നു; ആശങ്കയോടെ കുടുംബങ്ങള്‍

single-img
15 September 2019

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. 343 ഫ്ലാറ്റുകള്‍ ഒഴിപ്പിക്കുമ്പോള്‍ 1472 പേരെയാണ് പുനരവധിവസിപ്പിക്കേണ്ടി വരിക. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മരട് നഗരസഭ ജില്ലാ കളക്ടര്‍ക്ക് നല്‍കി.

ഈമാസം 20തിനകം 4 ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനാണ് ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്. ഫ്ലാറ്റുകള്‍ പൊളിച്ച് മാറ്റാന്‍ വിദഗ്ധരായ കമ്പനികളെ അടിയന്തര ടെണ്ടറിലൂടെ തെരഞ്ഞെടുക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. അഞ്ച് കമ്പനികള്‍ നഗരസഭയെ സമീപിച്ചതായാണ് സൂചന. ഐഐടിപോലുള്ള വിദഗ്ധരെ ഉപയോഗിച്ച് കമ്പനിയുടെ യോഗ്യത പരിശോധിക്കണെന്നാണ് നഗരസഭ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍, സര്‍ക്കാറില്‍ നിന്ന് ഇക്കാര്യത്തില്‍ തുടര്‍നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഫ്ലാറ്റുകള്‍ ഒഴിഞ്ഞ് പോകില്ലെന്ന് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഇവരെ പിന്തുണയ്ക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ മാത്രമാണ് തുടര്‍നടപടിയെന്ന് നഗരസഭ വ്യക്തമാക്കി. നിയമനടപടികളുമായി മുന്നോട്ടു പോകുന്നതിനൊപ്പം അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് ഫ്ലാറ്റുടമകള്‍.