ഇന്റര്‍നെറ്റ് കണക്ഷന്‍ സൗകര്യവുമായി കെഎസ്ഇബി; ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന്‍

single-img
15 September 2019

വൈദ്യുതി ബോര്‍ഡില്‍ നിന്നും കറന്റ് മാത്രമല്ല ഇനി മുതല്‍ ഇന്റര്‍നെറ്റും ലഭിക്കും. ആറുമാസത്തിനുള്ളില്‍ പദ്ധതി ഇന്റര്‍നെറ്റ് പദ്ധതി യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി.

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് എന്ന പേരില്‍ സംസ്ഥാന ഐ ടി മിഷനും വൈദ്യുതിബോര്‍ഡും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കെഎസ്ഇബിയുടെ വിപുലമായ നെറ്റ്വര്‍ക്ക് ഉപയോഗപ്പെടുത്തിയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇ-ഗവേര്‍ണന്‍സ് രംഗത്ത് വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

കൂടാതെ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കും. പുതിയ വൈദ്യുതി കണക്ഷന് അപേക്ഷ നല്‍കുന്നവര്‍ക്കും അപ്പോള്‍ തന്നെ ഇന്റര്‍നെറ്റ് കൂടി നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

വൈദ്യുതിബോര്‍ഡിന്റെ സംസ്ഥാനത്തെ മുഴുവന്‍ 220 കെ.വി.സബ്സ്റ്റേഷനുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കില്‍ ബന്ധിപ്പിച്ചു. 110 കെ.വി, 66 കെ.വി. സബ്സ്റ്റേഷനുകള്‍കൂടി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. 770 സെക്ഷന്‍ ഓഫീസുകളിലും ഒ.എഫ്.സി. കണക്ഷനുകള്‍ എത്തിക്കുന്നതോടെ വൈദ്യുതിലൈനുകള്‍ ഉപയോഗപ്പെടുത്തി കണക്ഷന്‍ എളുപ്പത്തിലെത്തിക്കാനാകും.