സാമ്പത്തിക ഉത്തേജന നടപടികള്‍; നിര്‍മ്മല സീതാരാമനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

single-img
15 September 2019

ഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. സാമ്പത്തിക മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ഉത്തേജന നടപടികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

നിര്‍മല സീതാരാമന് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും അതിന്റെ തകര്‍ച്ചയെ കുറിച്ചും ഒന്നുമറിയില്ല. മാന്ദ്യം മറികടക്കാനുള്ള ധനമന്ത്രിയുടെ ഉത്തേജന നടപടികള്‍ വെറും മുഖംമിനുക്കലുകള്‍ മാത്രമാണെന്നും കോണ്‍ഗ്രസ് തുറന്നടിച്ചു.

സാമ്പത്തിക രംഗം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ എത്രത്തോളമാണെന്നും അതിന്റെ തീവ്രത എന്താണെന്നും അത് മറികടക്കുക എങ്ങനെയാണെന്നും ധനമന്ത്രിക്ക് ധാരണയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. ഇതിനു മുമ്പും ചില സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സാമ്പത്തിക രംഗം കൂടുതല്‍ മോശമാകുകയായിരുന്നു.ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതും ഗുണകരമാകില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കാനുള്ള സമഗ്രമായ പാക്കേജ് ആണ് പ്രഖ്യാപിക്കേണ്ടത്. എന്നാല്‍, കേവലം മുഖം മിനുക്കാനുള്ള ശ്രമങ്ങളാണ് ഇന്നത്തെ പ്രഖ്യാപനങ്ങളില്‍ ഉള്ളതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.