പാക് സൈന്യം വെള്ള കൊടി വീശി; കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ നല്‍കാന്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് നിര്‍ത്തിവെച്ചു

single-img
14 September 2019

കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തിന് ഇന്ത്യ നല്‍കിയ മറുപടി ഫലം കണ്ടു. ഇന്ത്യന്‍ പ്രതിരോധത്തില്‍ കൊല്ലപ്പെട്ട രണ്ട് പാക് സൈനികരുടെ മൃതദേഹം വീണ്ടെടുക്കാനായി ഹാജിപൂരില്‍ വെടിവെപ്പ് നിര്‍ത്തി പാക് സൈന്യം വെള്ളക്കൊടി ഉയര്‍ത്തി.

അതേസമയം, സംസ്ഥാനത്തെ പൂഞ്ച് ജില്ലയിലെ മേന്ദാര്‍ മേഖലയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇവിടെ ഇരു സൈനിക വിഭാഗങ്ങളും തമ്മില്‍ പോരാട്ടം തുടരുകയാണ്. കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായിരുന്നു ഹാജിപൂരില്‍ പാക് സൈന്യത്തിന്‍റെ പ്രകോപനം. ഇന്ത്യന്‍ സേനയുടെ തിരിച്ചടിയില്‍ പാക് സൈനികനായ ഗുലാം റസൂലും മറ്റൊരു സൈനികനും കൊല്ലപ്പെട്ടിരുന്നു. അതോടുകൂടിയാണ് പാകിസ്താന്‍ വെള്ളക്കൊടി ഉയര്‍ത്തിയത്.

അതിര്‍ത്തി മേഖലയായ പൂഞ്ചിലും രജൗരിയിലും പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്. ഇവിടെ ഇന്ത്യന്‍ സേനയും തിരിച്ചടിച്ച് തുടങ്ങിയതോടെ രജൗരി ജില്ലയിലെ മഞ്ചക്കോട്ട് മേഖലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് സ്കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്‌.