ഉസാമ ബിന്‍ലാദന്റെ മകന്‍ കൊല്ലപ്പെട്ടു; പ്രസ്താവനയുമായി ഡൊണാള്‍ഡ് ട്രംപ്

single-img
14 September 2019

യുഎസ് ആക്രമണത്തില്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന. അഫ്ഗാന്‍ -പാക് അതിര്‍ത്തി മേഖലയില്‍ നടത്തിയ ഓപറേഷനിലാണ് ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍, എപ്പോഴാണ് സൈന്യം ഓപറേഷന്‍ നടത്തിയതെന്ന് ട്രംപിന്റെ പ്രസ്താവനയില്‍ പറയുന്നില്ല.

2011 മേയ് മാസം അബൊട്ടബാദില്‍ യുഎസ് സൈന്യം നടത്തിയ ഓപറേഷനില്‍ ബിന്‍ലാദന്‍ കൊല്ലപ്പെടുന്ന സമയം അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ കൈരിയ സബറിന്റെ മകനാണ് ഹംസ. സൗദി, യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം നടത്തുമെന്ന് ഹംസ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ ഹംസയുടെ പൗരത്വം സൗദി റദ്ദാക്കുകയുണ്ടായി. ഇയാള്‍ എവിടെയുണ്ടെന്നു പറഞ്ഞുകൊടുക്കുകയോ കുറഞ്ഞത് സൂചന നല്‍കുകയോ ചെയ്താല്‍ ഒരു മില്യണ്‍ യു.എസ് ഡോളറാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വാഗ്ദാനം ചെയ്തിരുന്നത്.