മരടിലെ ഫ്ലാറ്റൊഴിയാന്‍ നല്‍കിയ സമരപരിധി ഇന്നവസാനിക്കും; അനിശ്ചിതകാല സമരത്തിനൊരുങ്ങി കുടുംബങ്ങള്‍

single-img
14 September 2019

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാന്‍ നഗരസഭ നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ സമരമല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന അവസ്ഥയിലാണ്
ഫ്ലാറ്റുടമകള്‍. അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് കുടുംബങ്ങള്‍

അതേസമയം, ഇക്കാര്യത്തില്‍ ഫ്ലാറ്റുടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. അതോടൊപ്പം ഹൈക്കോടതിയെയയും സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയോടെ ഈ ഹര്‍ജിയും ഫയല്‍ ചെയ്യും. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഈ ഹര്‍ജികളില്‍ തീര്‍പ്പുണ്ടാകുന്നത് വരെ സമരം തുടരുമെന്ന് ഫ്ലാറ്റുടമകള്‍ അറിയിച്ചു.

സിപിഎം, കോണ്‍ഗ്രസ് നേതാക്കളും കഴിഞ്ഞ ദിവസം ഫ്ലാറ്റ് ഉടമകളെ പിന്തുണച്ച് രംഗത്ത് വിന്നിരുന്നു. എന്നാല്‍ കെട്ടിടം പൊളിക്കാന്‍ വിദഗ്ധരായ ഏജന്‍സികളെ കണ്ടെത്തുന്നതിനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട് പോകുകയാണ്.

തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. കോടതി വിധി പ്രകാരം
ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ച ചീഫ് സെക്രട്ടറി ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെ നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് നടപടികള്‍ കൈക്കൊള്ളുകയായിരുന്നു.