‘ഒരു രാജ്യം ഒരു ഭാഷ’: അമിത് ഷായുടെ ഹിന്ദി പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം

single-img
14 September 2019

ന്യൂഡല്‍ഹി: ഇന്ത്യയെന്ന മഹാരാജ്യത്തെ അടയാളപ്പെടുത്തുന്നതിനായി രാഷ്ട്രത്തിന് പൊതുവായ ഒരു ഭാഷവേണമെന്ന അഭിപ്രായവുമായി രംഗത്തുവന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരേ വ്യാപക പ്രതിഷേധം.

‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയത്തിനായി ജനങ്ങള്‍ ഒന്നടങ്കം മുന്നോട്ടിറങ്ങണമെന്ന അമിത് ഷായുടെ പ്രസ്താവനയാണ് വിവാദമായത്. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായായായിരുന്നു അമിത്ഷായുടെ പ്രസ്താവന.

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ പ്രസ്താവനക്കെതിരെ രംഗത്തെത്തി.

അധികാരത്തില്‍ എത്തിയത് മുതല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബിജെപി ശ്രമിച്ചുവരികയാണെന്ന് സ്റ്റാലിൻ ആരോപിച്ചു. പ്രാദേശിക ഭാഷകളെ ഇല്ലാതാക്കുകയാണോ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം ചോദിച്ചു.

എല്ലാ ഭാഷകളെയും ഒരു പോലെ ബഹുമാനിക്കണമെന്ന് മമത ബാനർജി പറഞ്ഞു. എല്ലാ ഭാഷകളും പഠിക്കണം എന്നാല്‍ മാതൃഭാഷ മറക്കാനാവില്ലെന്നും മമത പറഞ്ഞു.

പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ എല്ലാ സ്‌കൂളുകളിലും ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന നിര്‍ദ്ദേശം ദക്ഷിണേന്ത്യയില്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയതിനു പിന്നാലെയാണ് അമിത് ഷാ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇതിനെതിരേയാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.