കോഴിയിറച്ചിയും മുട്ടയും പാലും ഒരേ കടയിൽ വിൽക്കുന്നത് മതവികാരത്തെ വൃണപ്പെടുത്തും: ബിജെപി എംഎല്‍എ

single-img
14 September 2019

മുട്ട, പാൽ, കോഴിയിറച്ചി എന്നിവ ഒരുമിച്ച് വില്‍ക്കുന്നത് മതവികാരത്തെ വൃണപ്പെടുത്തുമെന്ന് ബിജെപി എംഎല്‍എ. മധ്യപ്രദേശിലുള്ള ഹുസൂരിലെ രാമേശ്വര്‍ ശര്‍മ്മയുടേതാണ് പ്രസ്താവന. പാല്‍ വിൽപ്പന നടത്തുന്ന കടകള്‍ മാംസവും മുട്ടയും വില്‍ക്കുന്ന കടകളില്‍ നിന്ന് വേര്‍പെടുത്തി സ്ഥാപിക്കാണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. മാത്രമല്ല, ഈ കടകള്‍ തമ്മില്‍ അകലം വേണമെന്നും ഇതിനായി സര്‍ക്കാരിന്‍റെ ഇടപെടല്‍ വേണമെന്നും രാമേശ്വര്‍ ആവശ്യപ്പെട്ടു.

പശുവിന്റെ പാല്‍ മതപരമായ അനുഷ്ടാനങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. അതേപോലെ വ്രതം അനുഷ്ടിക്കുന്നവരും പശുവിന്‍ പാല്‍ ഉപയോഗിക്കും. ഇങ്ങിനെയുള്ളവരുടെ വികാരമാണ് ഒരുമിച്ച് ഇവ വില്‍ക്കുമ്പോള്‍ വൃണപ്പെടുന്നതെന്നാണ് എംഎല്‍എയുടെ അവകാശവാദം. സംസ്ഥാനത്ത് കോഴിയിറച്ചിയും മുട്ടയും പാലും വില്‍ക്കാനായി സര്‍ക്കാര്‍ പുതിയ കടകള്‍ തുറന്നതിന് പിന്നാലെയാണ് എംഎല്‍എയുടെ പ്രതികരണം.

മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന മുട്ടയും പാലും ഇറച്ചിയും ഗുണമേന്‍മയുള്ളതാവണമെന്ന സര്‍ക്കാര്‍ പുതിയ കടകള്‍ തുറന്നിരിക്കുന്നത്. നല്ലയിനത്തില്‍ പെട്ട കരിങ്കോഴി ഇറച്ചി കിലോയ്ക്ക് 900 രൂപക്കാണ് ഈ കടകളില്‍ വില്‍ക്കുന്നത്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഭോപ്പാലിലാണ് കട ഉദ്ഘാടനം ചെയ്തിരിക്കുന്നത്.