ഓടിക്കൊണ്ടിരിക്കെ എഞ്ചിൻ വേര്‍പ്പെട്ടു; ട്രെയിൻ സഞ്ചരിച്ചത്‌ അര കിലോമീറ്ററോളം

single-img
14 September 2019

ഓടിക്കൊണ്ടിരിക്കവേ ട്രെയിൻ എഞ്ചിന്‍ വേര്‍പ്പെട്ട് വണ്ടി അരക്കിലോമീറ്ററോളം പിന്നിലേയ്ക്ക് സഞ്ചരിച്ചു. ഇന്ന് പുറപ്പെട്ടകൊച്ചുവേളി- ശ്രീഗംഗ നഗര്‍ എക്‌സ്പ്രസ് ട്രെയിനാണ് സര്‍വ്വീസിനിടെ രണ്ട് തവണയായി എഞ്ചിനില്‍ നിന്നും വേര്‍പ്പെട്ടു പോയത്.

വൈകിട്ട് 3.50-ആയപ്പോൾ കൊച്ചുവേളിയില്‍ നിന്നുമെടുത്ത ട്രെയിന്‍ ചിറയിന്‍കീഴ് എത്തുന്നതിന് മുന്‍പാണ്‌ ആദ്യം എഞ്ചിനില്‍ നിന്നും വേര്‍ പോയത്. ഇതിനെ തുടർന്ന് പ്രശ്‌നം പരിഹരിച്ച് യാത്ര തുടര്‍ന്നെങ്കിലും പരവൂര്‍ സ്റ്റേഷന്‍ എത്തും മുന്‍പ് തീവണ്ടി വീണ്ടും എഞ്ചിനില്‍ നിന്നും വിട്ടുപോകുകയായിരുന്നു.

ഒരേ പ്രശ്നം വീണ്ടും ആവർത്തിച്ചതോടെ റെയില്‍വേ ഉദ്യോഗസ്ഥരെത്തി തീവണ്ടിയും എഞ്ചിനും തമ്മില്‍ സംയോജിപ്പിച്ചു. ഇപ്പോൾ ഒന്നേകാല്‍ മണിക്കൂര്‍ വൈകിയോടുന്ന തീവണ്ടി 6.15നാണ് കൊല്ലം കടന്നുപോയത്.