ഹരിയാന സ്പോർട്സ് യൂണിവേഴ്സിറ്റി: ആദ്യവെെസ് ചാൻസലറായി കപിൽ ദേവ് നിയമിതനായി

single-img
14 September 2019

ഹരിയാനയിൽ പ്രവർത്തനം ആരംഭിക്കുന്ന ഹരിയാനാ സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ ആദ്യവെെസ് ചാൻസലറായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് നിയമിതനായി. ഹരിയാനയുടെ യുവജന സ്പോർട്സ് മന്ത്രി അനിൽ വിജിയാണ് സോനേപതിലുള്ള സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ മേധാവിയായി കപിലിനെ നിയമിച്ച് ഉത്തരവിട്ടത്.

ജൂലെെ 16നായിരുന്നു സ്പോർട്സ് സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് ഹരിയാന സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുന്നത്. സ്പോർട്സുമായി ബന്ധപ്പെട്ട എല്ലാ വിധ പഠനങ്ങളും ഈ സർവകലാശാലക്ക് കീഴിൽ നടക്കുന്നതായിരിക്കും. വിസിക്ക് പുറമെ, മറ്റുള്ള ചുമതലകളിലേക്ക് ഉടൻ തന്നെ നിയമനമുണ്ടാകും.

ഫിസിക്കൽ എഡ്യുക്കേഷൻ, കായിക ശാസ്ത്രം എന്നിവയിലും യൂണിവേഴ്സിറ്റിയിൽ അക്കാദമിക ട്രെയ്നിങ് പരിപാടികൾ ഉണ്ടായിരിക്കും. സ്പോർട്സ് ടെക്നോളജി, മെഡിസിൻ, സ്പോർട്സ് ന്യൂട്രീഷൻ, സ്പോർട്സ് ജേർണലിസം, സ്പോർട്സ് മാർക്കറ്റിങ് വിഭാഗങ്ങളിലും പഠനവും പരിശീലനവും ഈ യൂണിവേഴ്സിറ്റിക്ക് കീഴിൽ നടക്കുമെന്ന് മന്ത്രി അനിൽ വിജി പറഞ്ഞു.