ഇന്ത്യയിലെ ഏറ്റവും മികച്ച 10 സര്‍ക്കാര്‍ സ്‌കൂളുകളിൽ നാലെണ്ണം കേരളത്തിൽ നിന്നും

single-img
14 September 2019

ഇന്ത്യയിലെ ഏറ്റവും മികച്ച 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നാലെണ്ണം കേരളത്തിൽ നിന്നും. ഈ പട്ടികയിൽ ആദ്യ അഞ്ചില്‍ കേരളത്തിൽ നിന്നുള്ള രണ്ട് സ്‌കൂളുകള്‍ ഇടം പിടിച്ചു. സംസ്ഥാന സിലബസ് ഉള്ള
കോഴിക്കോട് നടക്കാവ് ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. തിരുവനന്തപുരം പട്ടത്തുള്ള കേന്ദ്രീയ വിദ്യാലയം അഞ്ചാം സ്ഥാനത്തുമാണ്. ബാക്കി മികച്ച മൂന്ന് സ്‌കൂളുകള്‍ ഡല്‍ഹിയിലേതാണ്.

2019-20ലുള്ള എജുക്കേഷന്‍ വേള്‍ഡ് സ്‌കൂള്‍ റാങ്കിംഗിൽ ഒന്നാം സ്ഥാനം ന്യൂഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 10ലുള്ള രാജകീയ പ്രതിഭ വികാസ് വിദ്യാലയ്ക്കാണ്. രണ്ടാം സ്ഥാനം ഐഐടി മദ്രാസിലെ കേന്ദ്രീയ വിദ്യാലയയും സ്വന്തമാക്കി. ബോംബെ ഐഐടിയുടെ കീഴിലുള്ള കേന്ദ്രീയ വിദ്യാലയ മികവില്‍ നാലാം സ്ഥാനത്തിലും എത്തി. കേരളത്തിൽ നിന്നും നാല് സര്‍ക്കാര്‍ സ്‌കൂളുകളെയാണ് രാജ്യത്തെ മികച്ച 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട് ജില്ലയിൽ എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നടക്കാവ് സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മികവിന്റെ ഉദാഹരണമായി ഉയര്‍ത്തിക്കാണിക്കപ്പെട്ടിരുന്നു. സംസ്ഥാന തലത്തിൽ ഇത് ചർച്ചയാവുകയും ചെയ്തതാണ്.