ബാലഭാസ്‌കറിന്റെ അപകട മരണം: സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിന്മേൽ തീരുമാനം അടുത്തയാഴ്ച

single-img
14 September 2019

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ തീരുമാനം അടുത്തയാഴ്ചയുണ്ടാകും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് നല്‍കിയ നിവേദനം മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. തുടര്‍ നിലപാട് സ്വീകരിക്കാന്‍ ഡിജിപി അടുത്തയാഴ്ച അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും.

ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും വെച്ചാണ് അപകടമരണമാണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിയത്. സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സുഹൃത്തുക്കള്‍ ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണം ക്രൈംബ്രാഞ്ച് തള്ളിക്കളയുകയായിരുന്നു.

പക്ഷേ, ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ബാലഭാസ്‌കറിന്റെ അച്ഛന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തു നല്‍കുകയായിരുന്നു.

നിലവിലെ കണ്ടെത്തലുകള്‍ക്കപ്പുറം കൂടുതല്‍ എന്തെങ്കിലും അന്വേഷിക്കാനുണ്ടെങ്കില്‍ തുടരന്വേഷണം നടത്തുമെന്നും അല്ലെങ്കില്‍ സിബിഐ അന്വേഷണ കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനായി റിപ്പോര്‍ട്ട് നല്‍കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.