ചിദംബരത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെ ഹര്‍ജിയില്‍ ഉത്തരവ് ഇന്ന്

single-img
13 September 2019

ഡല്‍ഹി:കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയില്‍ സിബിഐ കോടതി ഉത്തരവ് ഇന്ന്. ഐഎന്‍എക്‌സ് മീഡിയ കേസിലാണ്
കസ്റ്റഡി ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.

സെപ്തംബര്‍ അഞ്ചിനാണ് പി ചിദംബരത്തെ ദില്ലി റോസ് അവന്യു കോടതി റിമാന്‍ഡ് ചെയ്തത്. ഈ മാസം പത്തൊന്‍പത് വരെ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി അംഗീകരിച്ചാല്‍ തീഹാര്‍ ജയിലില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചിദംബരത്തെ കസ്റ്റഡിയില്‍ വാങ്ങും.

ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. കേസില്‍ ചിദംബരത്തിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയ എന്ന കമ്പനിക്ക് വിദേശ ഫണ്ട് ലഭിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭ്യമാക്കുന്നതിന് അനധികൃതമായി പി ചിദംബരം ഇടപെട്ടെന്നാണ് കേസ്.