റെയില്‍വേ കമ്പാര്‍ട്‌മെന്റില്‍ കയറി ടാക്സി ഡ്രൈവറുടെ അതിക്രമം; പരാതിയുമായി എന്‍സിപി എംപി

single-img
13 September 2019

റെയില്‍വേ സ്‌റ്റേഷനില്‍ ടാക്‌സി ഡ്രൈവറിൽ നിന്നും ഉപദ്രവം നേരിട്ടതായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെ. കഴഞ്ഞ ദിവസം ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. വിഷയത്തിൽ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനും റെയിൽവേ പോലീസിനും പരാതി നല്‍കിയതായി സുപ്രിയ സുലെ അറിയിച്ചു.

ട്രെയിനില്‍നിന്നും ഇറങ്ങിയ തന്നോട്ട് കുല്‍ജീത് സിംഗ് മല്‍ഹോത്ര, എന്നയാള്‍ ടാക്‌സി ആവശ്യമുണ്ടോയെന്ന് ചോദിക്കുകയായിരുന്നു. ഇവർ ഇല്ലെന്ന് പറഞ്ഞപ്പോള്‍ സുപ്രിയയെ തടഞ്ഞുവെച്ചു . റെയില്‍വേയുടെ കമ്പാര്‍ട്‌മെന്റില്‍ കയറി വന്നായിരുന്നു അയാളുടെ അതിക്രമം.

തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരിച്ചെങ്കിലും അയാള്‍ മടങ്ങിപ്പോകാന്‍ തയ്യാറായില്ല. തുടർന്ന് അസഭ്യം പറയുകയും ലജ്ജയില്ലാതെ എനിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു എന്ന് സുലെ പറയുന്നു.

ഇത്തരത്തിൽ യാത്രക്കാരെ കാന്‍വാസ് ചെയ്യുന്ന രീതി നിയമപരമാണോയെന്ന് അറിയില്ല. അഥവാ അങ്ങനെയാണെങ്കില്‍ തന്നെ അത് റെയില്‍വേ സ്റ്റേഷനുകളുടെ ഉള്ളിലോ വിമാനത്താവളത്തിലോ അനുവദിക്കരുത്, വെളിയിൽ ടാക്‌സി സ്റ്റാന്‍ഡുകളില്‍ മാത്രമേ ഇത്തരക്കാര്‍ക്ക് പ്രവേശനം നല്‍കാവൂ- സുപ്രിയ സുലെ പറഞ്ഞു.

സുപ്രിയയുടെ പരാതിയിൽ ടാക്‌സി ഡ്രൈവറെ പിടികൂടിയതായും കേസ് രജിസ്റ്റര്‍ ചെയ്തതായും ആര്‍പിഎഫ് അധികൃതര്‍ പിന്നീട് അറിയിച്ചു. 1989 ലെ ഇന്ത്യന്‍ റെയില്‍വേ നിയമപ്രകാരം 145-ബി, 147, 159 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.