ഓണക്കാലത്തു റെക്കോര്‍ഡ് ലാഭം കൊയ്തു മില്‍മ ഉല്‍പ്പന്നങ്ങള്‍

single-img
13 September 2019

ഓണക്കാലത്തു റെക്കോര്‍ഡ് വില്പന നടത്തി മില്‍മ ഉല്‍പ്പന്നങ്ങള്‍. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഓണത്തോട് അനുബന്ധിച്ച് ഇത്രയും അധികം വില്‍പന നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം ഒരു കോടി പതിനേഴു ലക്ഷത്തി അറുപതിനായിരം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചു.

ഇതില്‍ നാല്‍പ്പത്തിയാറു ലക്ഷത്തി അറുപതിനായിരം ലിറ്റര്‍ പാലും അഞ്ച് ലക്ഷത്തി എണ്‍പത്തിയൊന്‍പതിനായിരം ലിറ്റര്‍ തൈരുമാണ് കേരളത്തില്‍ നിന്ന് വിറ്റു പോയത്. അതേസമയം കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച മൊബൈല്‍ ആപ്പ് വഴിയുള്ള വില്‍പനയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ആവശ്യക്കാര്‍ വര്‍ധിച്ചതോടെ കേരളത്തിലെ ക്ഷീര കര്‍ഷകരില്‍ നിന്ന് ശേഖരിച്ചത് കൂടാതെ കര്‍ണ്ണാടക മില്‍ക് ഫെഡറേഷനില്‍ നിന്ന് കൂടി പാല്‍ വാങ്ങിയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത്.

നേരത്തെ മില്‍മ ഉല്‍പന്നങ്ങള്‍ക്ക് വില കൂട്ടിയിരുന്നുവെങ്കിലും ഓണക്കാലം പരിഗണിച്ച് സാധാരണ വില തന്നെയായിരുന്നു ഈടാക്കിയത്. എന്നാല്‍ സെപ്റ്റംബര്‍ 21 ഓടെ വര്‍ധിപ്പിച്ച വില പ്രാബല്യത്തില്‍ വരുമെന്നാണ് മില്‍മ ഫെഡറേഷന്‍ അറിയിച്ചത്.