സംസ്ഥാനത്ത് ഈ മണ്‍സൂണില്‍ ലഭിച്ചത് 14 ശതമാനം അധികമഴ

single-img
13 September 2019

തിരുവനന്തപുരം: കേരളത്തില്‍ ഈ മണ്‍സൂണില്‍ ഇതുവരെ ലഭ്യമായത് 14 ശതമാനം അധികമഴയെന്ന് റിപ്പോര്‍ട്ട്. അവസാന ഘട്ടത്തില്‍ മഴ കുറവായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. 215 സെന്റിമീറ്റര്‍ മഴയാണ് ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 12 വരെ സംസ്ഥാനത്ത് ലഭിച്ചത്. 189സെന്റിമീറ്റര്‍ മഴയാണ് ഇക്കാലയളവില്‍ പ്രതീക്ഷിച്ചത്.

പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത് നാല് ജില്ലകളിലാണ് . പാലക്കാട് ജില്ലയില്‍ 42 ശതമാനത്തോളം കൂടുതല്‍ മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോഴിക്കോട് ജില്ലയിലാണ്. 334.സെമി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ മുന്നൂറ് സെന്റിമീറ്ററിലേറെ മഴ പെയ്തു. ഇടുക്കി വയനാട് ജില്ലകളില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. ജൂണ്‍ ജൂലൈ മാസങ്ങളില്‍ മഴ കുറവായിരുന്നു. ഓഗസ്റ്റ് ആദ്യ ആഴ്ച മുതല്‍ പെയ്ത കനത്തമഴയാണ് മഴക്കുറവ് നികത്തിയത്.

ഈമാസം 30 വരെയാണ് മണ്‍സൂണ്‍ കാലയളവ്. അടുത്ത അഞ്ച് ദിവസത്തെ കനത്തമഴക്ക് ശേഷം മഴയുടെ ലഭ്യത കുറയും.
മണ്‍സൂണ്‍ കാലത്ത് മുഴുവനായി ലഭിക്കേണ്ടുന്ന മഴ കുറഞ്ഞ കാലയളവില്‍ കിട്ടുന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണ്. കൃഷിയടക്കമുളള കാര്യങ്ങളെ ഇത് ദോഷകരമായി ബാധിക്കും.