ഇന്ത്യൻ ചരിത്രത്തിൽ ആദ്യം; പത്മ പുരസ്‌കാരങ്ങള്‍ക്ക് വനിതാ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി നാമനിര്‍ദ്ദേശ പട്ടിക • ഇ വാർത്ത | evartha
Featured, Sports

ഇന്ത്യൻ ചരിത്രത്തിൽ ആദ്യം; പത്മ പുരസ്‌കാരങ്ങള്‍ക്ക് വനിതാ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി നാമനിര്‍ദ്ദേശ പട്ടിക

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി പത്മ പുരസ്‌കാരങ്ങള്‍ക്ക് വനിതാ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി നാമനിര്‍ദ്ദേശ പട്ടിക. പട്ടിക പ്രകാരം ഇന്ത്യന്‍ ബോക്‌സിങ് ഇതിഹാസം മേരി കോമിന് പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ചു. ഭാരതരത്‌നയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയാണ് പത്മവിഭൂഷണ്‍.

ഇതിന് മുൻപ് മേരി കോമിന് 2006 -ല്‍ പത്മശ്രീയും 2013 -ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മേരി കോമിന് പുറമെ എട്ട് വനിതാ താരങ്ങളെ പത്മ പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചു. ഇക്കുറി ലോക ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയിൽ എത്തിച്ച പിവി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് കായിക മന്ത്രാലയം നാമനിര്‍ദ്ദേശം ചെയ്യും. ഇത് രണ്ടാം തവണയാണ് സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. 2017ൽ തയ്യാറാക്കിയ നാമനിര്‍ദ്ദേശ പട്ടികയിലും സിന്ധുവുണ്ടായിരുന്നു.

ദേശീയ ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഹോക്കി ക്യാപ്റ്റന്‍ റാണി റാംപാല്‍, ഷൂട്ടിങ് താരം സുമ ഷിരൂര്‍, പെഡലിങ് താരം മണിക ബത്ര, പര്‍വതാരോഹകരായ തഷി, നുങ്‌സി മാലിക് എന്നിവരാണ് നാമനിര്‍ദ്ദേശ പട്ടികയിലെ മറ്റു താരങ്ങള്‍. ഇവരെ പത്മശ്രീ പുരസ്‌കാരത്തിനാണ് കായിക മന്ത്രാലയം പരിഗണിക്കുന്നത്.