രാജ്യത്തെ ഏറ്റവും വലിയ ഉള്ളിപ്പാടങ്ങൾ ഉള്ള മഹാരാഷ്ട്രയിൽ പാകിസ്താനിൽ നിന്നും ഉള്ളി ഇറക്കുമതി ചെയ്യാൻ സംസ്ഥാന സർക്കാർ; പ്രതിഷേധം

single-img
13 September 2019

മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിദേശവ്യാപാരസ്ഥാപനമായ എംഎംടിസി ലിമിറ്റഡ് പാകിസ്താൻ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് വലിയുള്ളി ഇറക്കുമതി ചെയ്യാൻ വേണ്ടി പുറത്തിറക്കിയ ടെൻഡർ വിവാദമാകുന്നു. തീരുമാനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ട് കർഷക സംഘടനകൾ മുന്നോട്ടുവന്നിട്ടുണ്ട്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉള്ളിപ്പാടങ്ങൾ ഉള്ളത് മഹാരാഷ്ട്രയിൽ തന്നെയാണ്. ഈ തോട്ടങ്ങളിൽ ഖാരിഫ് സീസൺ കൃഷി വിളവെടുപ്പിന് തയ്യാറായി നിൽക്കുകയാണ്. വരുന്ന മാസം വിളവെടുപ്പ് തുടങ്ങേണ്ടതാണ്. ഇതിനിടയിൽ വിദേശങ്ങളിൽ നിന്ന് ഉള്ളി കൊണ്ടിറക്കാനുള്ള സർക്കാരിന്റെ നീക്കം കർഷകരെ രോഷത്തിലാക്കി. ” നമ്മുടെ സ്വന്തം നാട്ടിലെ കൃഷിയിടങ്ങളിൽ ഉള്ളി വിളഞ്ഞുകിടക്കുമ്പോൾ ഇങ്ങനെ ഒരു കടുംകൈ ചെയ്യാൻ എങ്ങനെയാണ് അവർക്ക് മനസ്സുവരുന്നത്. ഇറക്കുമതി, അതും പാകിസ്താനിൽ നിന്ന്..?

അഥവാ, ഇനി ഞങ്ങൾ, ഇന്നാട്ടിലെ പാവപ്പെട്ട കർഷകരാണോ ഈ രാജ്യത്തിൻറെ ഏറ്റവും വലിയ ശത്രു..? ” മഹാരാഷ്ട്രയിലെ സ്വാഭിമാനി ഷേട്ട്കാരി എന്ന സംഘടയുടെ ചെയർമാനായ രാജു ഷെട്ടി പ്രതികരിച്ചു.

കമ്പനിയുടെ ടെൻഡറിൽ പറഞ്ഞിരിക്കും പ്രകാരം നവംബറിൽ ഉള്ളിയുമായി കപ്പലുകൾ ഇന്ത്യൻ തീരത്തടുക്കും. ആ സമയം തന്നെ നമ്മുടെ പാടങ്ങളിൽ നിന്നും വിളവെടുക്കും.” ഒരേ സമയം സമയത്ത് പിന്നെയും ഉള്ളി ഇറക്കുമതി ചെയ്ത കൊണ്ടുതട്ടിയാൽ എങ്ങനെയാണ് നമ്മുടെ ഉള്ളിക്ക് അർഹിക്കുന്ന വില കിട്ടുക..? ” ഷെട്ടി ചോദിക്കുന്നു.

ഏപ്രിൽ മാസത്തിൽ830 രൂപ, മെയിൽ 931 രൂപ, ജൂണിൽ 1222 രൂപ, ജൂലൈയിൽ 1880 രൂപ എന്നീ പടവുകൾ താണ്ടി ഇപ്പോൾ മഹാരാഷ്ട്രയിലെ ലസൽ ഗാവിലെ മാർക്കറ്റിൽ ഉള്ളി ഒരു ക്വിന്റലിന് 2300 രൂപയ്ക്കാണ് പോകുന്നത്. രാജ്യത്തെ മെട്രോ നഗരങ്ങളിൽ 39നും 42 നും ഇടയിലാണ് ഇപ്പോൾ ഉള്ളിയുടെ ചില്ലറ വില്പന വില.

ഉള്ളിയുടെ വില അതിന്റെ സാധാരണ നിലവാരം പ്രാപിച്ചത് കർഷകർക്ക് ഏറെ ആശ്വാസമേകിയിരുന്നു. ഒരു പാടശേഖരം നിറയെ ഉള്ളി വിളവെടുത്തിട്ട് ലോറിക്കുള്ള കാശുപോലും കിട്ടാതെ കർഷകൻ ഉള്ളിപ്പാടത്തു തന്നെ ആത്മാഹുതി ചെയ്തിട്ട് നമ്മുടെ രാജ്യത്ത് വർഷങ്ങൾ അധികമൊന്നും ആയിട്ടില്ല. ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾ കാരണം തന്നെ കർഷകർ ദുരിതങ്ങൾ അനുഭവിക്കുന്ന നമ്മുടെ രാജ്യത്ത് ഇനി പാകിസ്താനിൽ നിന്ന് ഉള്ളിൽ ഇറക്കുമതി ചെയ്ത് അവരെ സഹായിച്ചിട്ടുവേണോ നമ്മുടെ നാട്ടിലെ പാവപ്പെട്ട കർഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ എന്നാണ് അവർ ചോദിക്കുന്നത്..