ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ ബോട്ട് മറിഞ്ഞു 11 മരണം

single-img
13 September 2019

ഭോപ്പാല്‍: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ ബോട്ട് മുങ്ങി 11 പേര്‍ മരിച്ചു. അപകടത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകായാണ്. ഇന്ന് പുലര്‍ച്ചെ നാലരയോടെ ഗണപതി വിഗ്രഹ നിമഞ്ജനത്തിനായി 16 പേരായി പുറപ്പെട്ട ബോട്ട് നഗരമദ്ധ്യത്തിലെ തടാകത്തില്‍ മുങ്ങി താഴുകയായിരുന്നു.

ആറു പേരെ രക്ഷപെടുത്തിയതായി പോലീസ് അറിയിച്ചു. രണ്ട് ബോട്ടുകള്‍ കൂട്ടിക്കെട്ടിയാണ് നിമഞ്ജന ചടങ്ങിനായി പുറപ്പെട്ടത്. ബോട്ടിലുണ്ടായിരുന്നവര്‍ ആരും ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിരുന്നില്ലായെന്ന് പോലീസ് പറഞ്ഞു. ബോട്ടില്‍ കയറിയ ആളുകളുടെ എണ്ണം കൂടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മദ്ധ്യപ്രദേശ് നിയമ മന്ത്രി പി.സി. ശര്‍മ സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സംഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ജില്ലാ കളക്ടര്‍ വഴി നല്‍കുമെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.