ജഡ്ജിമാരുടെ വിവാദ സ്ഥലം മാറ്റം; കാരണങ്ങൾ വെളിപ്പെടുത്തുക എന്നത് കൊളീജിയത്തിന്‍റെ നടപടിക്രമങ്ങൾക്ക് ഭൂഷണമല്ല: സുപ്രീം കോടതി

single-img
12 September 2019

രാജ്യത്തെ വിവിധ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേതടക്കം സ്ഥലം മാറ്റങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ കൊളീജിയം തീരുമാനത്തിൽ ന്യായീകരണവുമായി സുപ്രീംകോടതി. നടത്തപ്പെട്ടിട്ടുള്ള എല്ലാ സ്ഥലം മാറ്റങ്ങൾക്കും പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്നും കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് സ്ഥലം മാറ്റങ്ങളെന്നും സുപ്രീംകോടതി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ ജുഡീഷ്യറിയുടെ ഭരണസംവിധാനം മെച്ചപ്പെടുത്താനായാണ് സ്ഥലം മാറ്റങ്ങളെന്നും സുപ്രീംകോടതി സെക്രട്ടറി ജനറൽ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടികാട്ടുന്നു. അതേസമയം, സ്ഥലം മാറ്റങ്ങൾക്കുള്ള കാരണങ്ങൾ വെളിപ്പെടുത്തുകയെന്നത് കൊളീജിയത്തിന്‍റെ നടപടിക്രമങ്ങൾക്ക് ഭൂഷണമല്ലെന്നും പറയുന്നുണ്ട്.

അടിയന്തരസാഹചര്യത്തിൽ വേണമെങ്കിൽ കാരണങ്ങൾ വെളിപ്പെടുത്താൻ കൊളീജിയത്തിന് മടിയില്ലെന്നും പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കോടതികളിലൊന്നായ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ഏറ്റവും ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ചാണ് ചീഫ് ജസ്റ്റിസ് വിജയ താഹിൽരമാനി രാജി വച്ചത് വലിയ വിവാദമാണുണ്ടാക്കിയത്. ഇതിനെ തുടർന്ന് മാധ്യമങ്ങൾ വിഷയം കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു പ്രസ്താവന ഇറക്കാൻ കാരണം എന്ന് കരുതപ്പെടുന്നു.