പികെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി രൂപീകരിക്കാനൊരുങ്ങി ഡബ്ല്യുസിസി

single-img
12 September 2019

മലയാളസിനിമയുടെ ആദ്യ അഭിനേത്രിയായ പി.കെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി രൂപീകരിക്കാനൊരുങ്ങി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ്.

1928 ല്‍ പുറത്തിറങ്ങിയ ‘വിഗതകുമാരന്‍’ എന്ന നിശബ്ദ ചിത്രത്തിലുടെയാണ് പി.കെ റോസി അഭിനയരംഗത്ത് എത്തുന്നത്. എന്നാല്‍ ആ ഒറ്റ ചിത്രത്തില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ വേട്ടയാടപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്ത ദളിത് സ്ത്രീയാണ് പി.കെ റോസി.

പി.കെ റോസിയുടെ പേരില്‍ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുക എന്നതിലൂടെ കൊണ്ടാടപ്പെടുന്ന സിനിമാ ചരിത്രത്തില്‍ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വര്‍ണ്ണ സ്വത്വങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ടവരോടൊപ്പം നില്‍ക്കാനും അതിനെ കുറിച്ചു സംസാരിച്ച് തുടങ്ങാനുമുള്ള ഒരെളിയ ശ്രമമാണ് ഉദ്ദേശിക്കുന്നതെന്നും ഡബ്ല്യുസിസി പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫിലിം സൊസൈറ്റിയുടെ ലോഗോയും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിസൈനറായ സോയ റിയാസാണ് ലോഗോ രൂപകല്പന ചെയ്തത്