പാലായിൽ പിടിവാശി കളഞ്ഞ് ജോസഫ് വിഭാഗം; തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കും

single-img
12 September 2019

ഉപതെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കുന്ന പാലായില്‍ ജോസ് കെ മാണി പക്ഷവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ജോസഫ് വിഭാഗം. ഇതിന്റെ ഭാഗമായി ശനിയാഴ്ച പാലായില്‍ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പിജെ ജോസഫ് പങ്കെടുക്കും. ഇരു വിഭാഗവും ഒരുമിച്ച് പോകണമെന്ന യുഡിഎഫ് നിര്‍ദേശത്തെ തുടര്‍ന്നാണ് ജോസഫ് വിഭാഗം അയഞ്ഞത്.

പാലായിൽ ഇന്ന് നടന്ന പ്രാദേശിക പ്രവര്‍ത്തകരുടെ യോഗത്തില്‍ മോൻസ് ജോസഫ് എംഎല്‍എ, ജോയി എബ്രഹാം, തോമസ് ഉണ്ണിയാടൻ, സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാമനിർദ്ദേശം സമർപ്പിക്കുമ്പോൾ വിമത സ്ഥാനാര്‍ത്ഥിയായി ജോസഫ് പക്ഷം രംഗത്തിറക്കിയ ജോസഫ് കണ്ടത്തില്‍ ഉള്‍പ്പടെ ചിലര്‍ ജോസ് പക്ഷവുമായി സഹകരിക്കുന്നതിനെ യോഗത്തില്‍ എതിര്‍ത്തു.

സ്വതന്ത്രനായി മത്സരിക്കുന്ന ജോസ് ടോമിന്‍റെ വാഹന പ്രചാരണയോഗത്തിന് തുടക്കം കുറിക്കാൻ സംസ്ഥാന യുഡിഎഫ് നേതാക്കള്‍ ശനിയാഴ്ച പാലായില്‍ എത്തിച്ചേരും. ആ ദിവസം ജോസഫിനും ജോസ് കെ മാണിയെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തി തുടര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കും. ഇനി ജോസഫിനെതിരെ ഒരു തരത്തിലുള്ള പ്രകോപനങ്ങളും പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് കോണ്‍ഗ്രസ് നേതാക്കാള്‍ ജോസ് പക്ഷത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.