വാഹന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി; കേന്ദ്രധനമന്ത്രിയുടെ പ്രസ്താവന മുറിവിൽ ഉപ്പ് പുരട്ടുന്നത് പോലെ: സീതാറാം യെച്ചൂരി

single-img
12 September 2019

നമ്മുടെ രാജ്യത്ത് ജനങ്ങൾ വാഹനം വാങ്ങാതെ ഓൺലൈൻ ടാക്സികളെ ആശ്രയിക്കുന്നതാണ് വാഹന നിര്‍മ്മാണ മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രസ്താവന മുറിവിൽ ഉപ്പ് പുരട്ടുന്നത് പോലെയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ സർക്കാർ ലഘൂകരിച്ചു കാണുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ കൈയില്‍ പണമില്ലാതെ അവരുടെ വാങ്ങൽ ശേഷി കുറഞ്ഞിരിക്കുകയാണ്. ഈ വിഷയം ഗൗരവത്തിൽ കാണാൻ സർക്കാറിന് സാധിക്കുന്നില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി. അതേപോലെ തന്നെ സംസ്ഥാനങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷമായിരുന്നു മോട്ടോർ വാഹന നിയമം നടപ്പിലാക്കേണ്ടിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആലോചിക്കാത്തത് കാരണമാണ് ഇപ്പോൾ എതിർപ്പുയരുന്നത്.

ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ചതിന്റെ പരിണിത ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പരാമർശത്തെ വിമർശിച്ച് ഇന്നലെ കോൺ​ഗ്രസും രം​ഗത്തെത്തിയിരുന്നു. ധനമന്ത്രി നടത്തിയ പ്രതികരണം ‘വലിയ തമാശ’ ആണെന്നാണ് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പറഞ്ഞത്.