ഗതാഗത നിയമലംഘനം;പിഴ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം:ഗഡ്കരി

single-img
12 September 2019

ഡല്‍ഹി; ഗതാഗത നിയമ ലംഘനത്തിന് ചുമത്തുന്ന പിഴ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പണം ഉണ്ടാക്കലല്ല അപകടങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ഗഡ്കരി വ്യക്തമാക്കി.

അതേസമയം പിഴത്തുകയില്‍ കുറവു വരുത്തുന്നതിന് തീരുമാനമെടുക്കാന്‍ ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും. തുകയില്‍ കുറവ് വരുത്തി ഗുജറാത്ത് മാതൃക നടപ്പാക്കാനാകുമോയെന്ന് പരിശോധിക്കും. ഇക്കാര്യം സംബന്ധിച്ച് നിയമവകുപ്പിന്റെ അഭിപ്രായവും തേടിയിട്ടുണ്ട്.പിഴത്തുക നാല്‍പത് മുതല്‍ അന്‍പത് ശതമാനം വരെ കുറയ്ക്കാനാണ് സാധ്യത.

ഓവര്‍ ലോഡിന്റ പിഴ ഇരുപതിനായിരത്തില്‍ നിന്ന് പതിനായിരമായി ചുരുക്കിയേക്കും. എയര്‍ഹോണ്‍ മുഴക്കുന്നതിനുള്ള പതിനായിരം രൂപ അയ്യായിരമാക്കാനാണ് ആലോചന. ഹെല്‍മറ്റ് ധരിക്കാത്തതിനും ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതിനും ചുമത്തുന്ന പിഴയില്‍ കുറവ് വരുത്തിയേക്കും. എന്നാല്‍ മദ്യപിച്ചു വാഹനമോടിക്കുന്നതില്‍ പിഴത്തുകയില്‍ കുറവ് വരുത്തില്ല.

പിഴത്തുക കുറയ്ക്കുന്നതിനായി പുതിയ വിജ്ഞാപനം ഇറക്കണം. ഇതിന്റ കരട് കേന്ദ്രസര്‍ക്കാരിന്റ നിര്‍ദേശം കൂടി അറിഞ്ഞശേഷം മോട്ടോര്‍വാഹനവകുപ്പ് തയാറാക്കും.