മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത്; കണ്ണില്‍ ചോരയില്ലാത്ത നടപടിയെന്ന് കോടിയേരി

single-img
12 September 2019

കോട്ടയം: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പ്രായോഗികമായി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണെന്ന് കോടിയേരി പറഞ്ഞു. പൊളിക്കുക എന്നത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണെന്നും നിയമപരമായി ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്യുമെന്നും കോടിയേരി അറിയിച്ചു. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി

ഫ്ലാറ്റിലെ താമസക്കാര്‍, അവരുടെതല്ലാത്ത കാരണത്താലാണ് ഒഴിഞ്ഞുപോകാന്‍ സുപ്രീം കോടതി പറയുന്നത്. നടപടി സ്വീകരിക്കേണ്ടത് നിയമലംഘനം നടത്തിയവര്‍ക്കെതിരെയാണ്. എന്നാല്‍ കയ്യേറ്റത്തില്‍ ഒരു പങ്കുമില്ലാത്ത താമസക്കാരെ ശിക്ഷിക്കുന്ന തരത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് മനുഷ്യത്വപരമായ നടപടിയുണ്ടാകണമെന്ന് കോടിയേരി പറഞ്ഞു.