യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ബസില്‍ നിന്നും റോഡിലിറക്കിവിട്ട വൃദ്ധന്‍ മരിച്ചു

single-img
12 September 2019

മൂവാറ്റുപുഴ: ബസില്‍ യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ റോഡില്‍ ഇറക്കി വിട്ട വൃദ്ധന്‍ മരിച്ചു. വണ്ണപ്പുറം സ്വദേശി എ ഇ സേവ്യറാണ് കൃത്യസമയത്തു ചികിത്സ ലഭിക്കാതെ മരിച്ചത്. വണ്ണപ്പുറത്ത് നിന്ന് മൂവാറ്റുപുഴയിലേക്ക് പോകുന്നതിനാണ് സേവ്യര്‍ ബസില്‍ കയറിയത്. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ബസില്‍ കുഴഞ്ഞുവീണ സേവ്യറിനെ അഞ്ച് കിലോമീറ്റര്‍ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് ബസ് ജീവനക്കാര്‍ വലിച്ചിഴച്ച് ഇറക്കി വിടുകയായിരുന്നുവെന്നാണ് പരാതി.

ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സേവ്യറിന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. പ്രാഥമിക ചികിത്സ പോലും നല്‍കാന്‍ ശ്രീലക്ഷ്മി എന്ന ബസിലെ ജീവനക്കാര്‍ തയ്യാറായില്ലെന്നാരോപിച്ച് കാളിയാര്‍ പോലീസിന് ലഭിച്ച പരാതിയിയിന്മേല്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

എന്നാല്‍, വൃദ്ധനെ നിര്‍ബന്ധിച്ച് വലിച്ചിറക്കി വിട്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ബസ് അടുത്ത സ്റ്റോപ്പില്‍ എത്തിയയുടന്‍ ഇയാളെ ഓട്ടോയില്‍ കയറ്റിവിടുകയാണ് ചെയ്തതെന്നും ബസ് ഉടമ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ നടപടിയെടുക്കാന്‍ തയ്യാറാകാതിരുന്ന പോലീസ് പ്രദേശവാസികള്‍ റോഡ് ഉപരോധമടക്കം നടത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.