‘നിങ്ങളെ ബഹുമാനിക്കുന്നത് ബ്രാഹ്മണനായതുകൊണ്ടല്ല സ്പീക്കറായതുകൊണ്ട്’;ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരെ കപില്‍ സിബല്‍

single-img
12 September 2019

ഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍. പൊതുപരിപാടിക്കിടെ ബിര്‍ള നടത്തിയ ബ്രാഹ്മണ പരാമര്‍ശത്തിനെതിരെയാണ് പ്രതികരണം.
‘ഈ മന:സ്ഥിതിയാണ് അനീതി നിറഞ്ഞ ജാതി ഇന്ത്യയെ വളര്‍ത്തുന്നത്. ബിര്‍ളാജീ ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുന്നത് ബ്രാഹ്മണനായത് കൊണ്ടല്ല, നിങ്ങള്‍ ഞങ്ങളുടെ ലോക്‌സഭാ സ്പീക്കറായത് കൊണ്ടാണ്’, കപില്‍ സിബല്‍ പറഞ്ഞു. ടിറ്ററിലൂടെയായിരുന്നു പ്രതികരണം

മറ്റു സമുദായങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിലുള്ള അര്‍പ്പണബോധവും ത്യാഗവും ബ്രാഹ്മണരെ ജന്മംകൊണ്ടുതന്നെ ഉന്നതരാക്കിയെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അഭിപ്രായപ്പെട്ടിരുന്നു. രാജസ്ഥാനിലെ കോട്ടയില്‍ നടന്ന അഖില ബ്രാഹ്മണ മഹാസഭയുടെ ചടങ്ങില്‍ വച്ചായിരുന്നു പരാമര്‍ശം. സ്പീക്കറുടെ പരാമര്‍ശം കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നിരവധിനേതാക്കള്‍ ഇതിമനെതിരെ പ്രതികരിച്ചു.

ഓം ബിര്‍ള സ്പീക്കര്‍ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ ആഘോഷം അപലപനീയമാണെന്ന് മാത്രമല്ല ഏറെ ഭയാനകമാണെന്നും അഭിപ്രായപ്പെട്ട മേവാനി ഒരു ലോക്‌സഭാ സ്പീക്കറില്‍ നിന്ന് ഇത്തരത്തിലുള്ള പരാമര്‍ശങ്ങളൊന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും പറഞ്ഞിരുന്നു.പ്രസ്താവനയില്‍ ബിര്‍ളക്കെതിരെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പരാതി നല്‍കുമെന്നും പി.യു.സി.എല്‍ നേതാവ് കവിത ശ്രീവാസ്തവ പ്രതികരിച്ചിരുന്നു.