അപകടത്തിന് കാരണമാകുന്നത് മോശം റോഡുകളല്ല, നല്ല റോഡുകൾ; മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ബിജെപി മന്ത്രിയുടെ മറുപടി

single-img
12 September 2019

സംസ്ഥാനത്തെ റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് വിചിത്ര കാരണവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോള്‍. കർണാടകയിലെ ചിത്ര ദുര്‍ഗയിലുള്ള ശോചനീയമായ റോഡുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്.

മോശം റോഡുകളല്ല, നേരെമറിച്ച് നല്ല റോഡുകളാണ് അപകടത്തിന് കാരണമെന്ന് മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് നമ്മുടെ ഹൈവേയിലേക്ക് നോക്കാനും. ശരാശരി 100-120 കിലോമീറ്റര്‍ വേഗതയിലാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അതായത് റോഡ് നല്ലതായതിനാലാണ് ഇത്രയും വേഗത്തില്‍ സഞ്ചരിക്കുന്നത്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടമുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഗതാഗത നിയമ ലംഘനത്തിന് വന്‍തുക പിഴയീടാക്കിയതിനോട് തനിക്ക് യോജിപ്പില്ലെന്നും പിഴ കുറക്കണോ എന്ന് സംസ്ഥാന കാബിനറ്റാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനമുയര്‍ന്നു.