രാജ്യദ്രോഹ കുറ്റത്തില്‍ അറസ്റ്റ് ചെയ്യില്ല; ഷെഹ്‌ല റാഷിദിന് കോടതിയുടെ ഇടക്കാല സംരക്ഷണം

single-img
10 September 2019

കാശ്മീരിലെ ഇന്ത്യന്‍ സൈന്യത്തിനെതിരെ വിമര്‍ശനം നടത്തിയ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ രാഷ്ട്രീയ, മനുഷ്യാവകാശ പ്രവര്‍ത്തക ഷെഹ്‌ല റാഷിദിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല. ഇവര്‍ക്ക് അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം നല്‍കി ദല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. ഷെഹ്‌ല റാഷിദിനെതിരെ ചുമത്തപ്പെട്ട കേസില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കരുതുന്നതെന്ന് പാട്യാല ഹൗസ് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പവന്‍ കുമാര്‍ ജെയിന്‍ ഉത്തരവില്‍ പറഞ്ഞു.

കേസ് വീണ്ടും ഈ വരുന്ന നവംബര്‍ അഞ്ചിന് കോടതി പരിഗണനയ്ക്ക് എടുക്കും. ആ സമയം വരെ ഷെഹ്ലയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവില്‍ പറയുന്നു. അതേപോലെ തന്നെ അന്വേഷണവുമായി ഷെഹ്ല പൂര്‍ണ്ണമായും സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ആര്‍ട്ടിക്കിള്‍ 370കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ പിന്നാലെ ജമ്മുകാശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നെന്ന് വ്യക്തമാക്കിക്കൊണ്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് ഷെഹ് ലക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ, 153 എ, 153, 504, 505 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ഷെഹ് ലയുടെ പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും രാജ്യദ്രോഹ നടപടിയാണെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകനാണ് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ ആറിനാണ് ഷെഹ്‌ലയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.അതേസമയം ഷെഹ്ലക്കെതിരെ ഇന്ത്യന്‍ സൈന്യം പരാതി നല്‍കിയിട്ടില്ലെന്ന് പബ്ലിക് പ്രൊസിക്യുട്ടര്‍ പറഞ്ഞു.

ഒരു രാഷ്ട്രീയ പ്രവര്‍ത്തകയെന്ന നിലയില്‍ കാശ്മീരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു താനെന്നും തന്നെ നിശബ്ദയാക്കാനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഷെഹ്ല റാഷിദ് പ്രതികരിച്ചത്.