പ്രകൃതി ദുരന്തങ്ങൾ; അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കേണ്ട നടപടികളിലേക്ക് സർക്കാർ കടക്കുകയാണ്: പിണറായി വിജയൻ

single-img
10 September 2019

രണ്ട് വർഷമായി സംസ്ഥാനത്തുണ്ടായ പ്രക‍ൃതി ദുരന്തങ്ങളിൽ നിന്ന് കേരളം പാഠം പഠിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ താമസിക്കുന്ന അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കേണ്ടി വരുമെന്നും ഇത്തരം കാര്യങ്ങളിലേക്ക് സർക്കാർ നീങ്ങുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് വൈകിട്ട് ഓണം വാരാഘേഷത്തിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ വിഷമം അനുഭവിക്കുന്നവർക്കൊപ്പമാണ് എന്നും സർക്കാർ. ക്ഷേമ പെൻഷനുകളും ദുരിതാശ്വാസ തുകകളും കൃത്യമായി നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള കേന്ദ്രസഹായം നാമമാത്രമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേപോലെ തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ഉൾപ്പെടുത്തി ജനകീയ സേന രൂപീകരിക്കുമെന്നും ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്ത് നൽകിയ ക്ഷേമ പെൻഷനുകൾ 18171 കോടി രൂപയാണ്. ഇത്തവണ ഓണത്തിന് 52 ല​ക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ എന്ന നിലയ്ക്ക് നൽകിയത് 1971 കോടി രൂപയാണ്. ജീവനക്കാർക്ക് ബോണസ് തുടങ്ങിയവക്കായി 281 കോടി രൂപയാണ് സർക്കാർ ചെലവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.