ജമ്മു കാശ്മീര്‍ ഇന്ത്യന്‍ സംസ്ഥാനമെന്ന പ്രസ്താവനയുമായി ഐക്യരാഷ്ട്ര സഭയില്‍ പാക് വിദേശകാര്യ മന്ത്രി

single-img
10 September 2019

ജമ്മു കാശ്മീരിനെ ഇന്ത്യന്‍ സംസ്ഥാനമെന്ന് വിശേഷിപ്പിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഷാ മെഹ്മൂദ് ഖുറേഷി.കാശ്മീരില്‍ 80 ലക്ഷത്തോളം ആളുകള്‍ സൈന്യത്തിന്റെ തടവറയിലാണെന്നും പാക് മന്ത്രി ആരോപിച്ചു. തന്റെ സംഭാഷണത്തില്‍ ‘ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കാശ്മീര്‍’ എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

‘കാശ്മീരില്‍ ഇപ്പോള്‍ ജനജീവിതം സാധാരണ നിലയിലായെന്ന് ലോകത്തെ തോന്നിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അവിടെ എല്ലാം സാധാരണ നിലയിലായെങ്കില്‍ ശരി എന്താണെന്ന് അറിയാന്‍ എന്തുകൊണ്ട് അവര്‍ വിദേശ മാധ്യമങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും എന്‍ജിഒകളെയും ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കാശ്മീരിലേക്ക് പോകാന്‍ അനുവദിക്കുന്നില്ല? അവര്‍ നുണ പറയുകയാണ്. കര്‍ഫ്യൂ പിന്‍വലിച്ചാല്‍ യാഥാര്‍ഥ്യം പുറത്തുവരും. അവിടെ നടക്കുന്ന മഹാദുരന്തത്തെക്കുറിച്ച് ലോകം അറിയും’- ഖുറേഷി പറഞ്ഞു.

കാശ്മീരിലുള്ള വ്യാപാരസ്ഥാപനങ്ങളില്‍ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നതായും അടിയന്തര വൈദ്യസഹായം പോലും ലഭിക്കുന്നില്ലെന്നും ഖുറേഷി ആരോപിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ലെന്നും ഖുറേഷി പറഞ്ഞു.