റോഡുകള്‍ അടച്ചു; കാശ്മീരിലും ശ്രീനഗറിലും മുഹറം ആഘോഷങ്ങള്‍ക്ക് ഭരണകൂട വിലക്ക്

single-img
10 September 2019

കാശ്മീരിലും ശ്രീനഗറിലും മുഹറം ആഘോഷങ്ങള്‍ക്ക് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ശ്രീനഗറില്‍ കര്‍ഫ്യൂ ശക്തമാക്കുകയും ചെയ്തു. ഇതോടൊപ്പം ശ്രീനഗറിലേക്കുള്ള റോഡുകള്‍ പോലീസ് മുദ്രവെക്കുകയും സുരക്ഷ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. മുഹറ ദിന ഘോഷയാത്ര അനുവദിക്കില്ലെന്നും എല്ലാ ആചാരങ്ങളും അതാത് പള്ളികളിലോ ആരാധനാലയങ്ങളിലോ നടത്തണമെന്നും മുന്‍പ് തന്നെ കാശ്മീര്‍ ഭരണകൂടം ഉത്തരവിട്ടിരുന്നു.

സംസ്ഥാനത്ത് മുന്‍ കാലങ്ങളില്‍ തുടര്‍ന്ന് പോന്ന നടപടിക്രമങ്ങള്‍ തുടരുകയാണെന്നും സുരക്ഷാ സേനയുമായി ആളുകളെ ഏറ്റുമുട്ടലിന് പ്രേരിപ്പിക്കുന്ന തരത്തില്‍ യാതൊരു സാഹചര്യവും ഒരുക്കില്ലെന്നും സാമുഹ്യവിരുദ്ധര്‍ ഇതുപോലുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നതിനാല്‍ ഒരു ഘോഷയാത്രയും അനുവദിക്കില്ലെന്നുമാണ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

1990 മുതലാണ് കാശ്മീരില്‍ മുഹറം ആഘോഷങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നത്. മുഹറം ആഘോഷം പ്രമാണിച്ച് കരുതല്‍ തടങ്കലില്‍ വെച്ചിട്ടുള്ള ഷിയാ നേതാക്കളെ വിവിധ ഹോട്ടലുകളില്‍ നിന്നും വീടുകളിലേക്ക് മാറ്റിയതായും ഭരണകൂടം പറഞ്ഞു.