മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കല്‍; പരിചയ സമ്പന്നരായ കമ്പനികളില്‍ നിന്ന് താത്പര്യ പത്രം ക്ഷണിച്ചു

single-img
10 September 2019

തീരദേശ നിയമം ലംഘിച്ചുകൊണ്ട് അനധികൃത നിർമ്മാണം നടത്തിയ മരടിലെ ഫ്ളാറ്റുകള്‍ സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ ആവശ്യപ്പെട്ടതിൽ പൊളിക്കുന്നതിനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു. ഇതിനായി പരിചയ സമ്പന്നരായ കമ്പനികളില്‍ നിന്ന് നഗരസഭ താത്പര്യ പത്രം ക്ഷണിച്ചു.

ഈ മാസം 20-നകം തന്നെ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അതേസമയം ഫ്ളാറ്റുകളില്‍ നിന്ന് ഇറങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് താമസക്കാർ. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്ച ചീഫ് സെക്രട്ടറി ഫ്ളാറ്റുകള്‍ സന്ദര്‍ശിക്കുകയുണ്ടായി.

തുടർന്ന് ജില്ലാ കളക്ടറുമായും നഗരസഭാ അധികൃതരുമായും അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അതിന്റെ പിന്നാലെയാണ് നഗരസഭ ഫ്ളാറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്.ഈ മാസം 16-ാം തിയതിക്ക് മുമ്പായി താത്പര്യപത്രം ലഭിക്കണം. 15 നിലകൾക്ക് മുകളിലുള്ള നാല് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് താത്പര്യം ക്ഷണിച്ച് കൊണ്ട് മരട് നഗരസഭ പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ട്. നിയന്ത്രിതമായ സ്ഫോടനത്തിലൂടെ പൊളിക്കുന്ന കമ്പനികള്‍ക്കാണ് മുന്‍ഗണന.