ചീഫ് ജസ്റ്റിസ് വിജയ താഹിൽ രമണിയുടെ സ്ഥലം മാറ്റം;തമിഴ്‌നാട്ടിൽ അഭിഭാഷകര്‍ ഇന്ന് കോടതി നടപടികള്‍ ബഹിഷ്കരിക്കും

single-img
10 September 2019

മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് വിജയ താഹിൽ രമണിയെ കാരണമില്ലാതെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ വാപകമായി ഇന്ന് അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്കരിക്കും.

കഴിഞ്ഞ വാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയത്തിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ഭാഗമായി മദ്രാസ് ഹൈക്കോടതിക്ക് മുന്നില്‍ അഭിഭാഷകര്‍ ഇന്ന് മനുഷ്യചങ്ങല തീര്‍ക്കും. സ്ഥലം മാറ്റ നടപടിക്കെതിരെ പ്രതിഷേധ സൂചകമായി കഴി‌ഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയുടെ കവാടം അഭിഭാഷകര്‍ഉപരോധിച്ചിരുന്നു.

സ്ഥലം മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകര്‍ കൊളീജിയത്തിന് കത്ത് നല്‍കിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. അതേപോലെ കൊളീജിയത്തിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍ രമണി നൽകിയ നിവേദനവും തള്ളിയിരുന്നു.

തന്നെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് താഹിൽ രമണി രാജി വച്ചെങ്കിലും ഈ രാജി കത്ത് രാഷ്ട്രപതി അംഗീകരിച്ചിട്ടില്ല. രാജിക്കത്ത് നൽകിയതിനാൽ ഇനി കോടതി നടപടികളുമായി സഹകരിക്കേണ്ടതില്ലെന്നാണ് താഹിൽ രമണിയുടെ തീരുമാനം.