പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ കൊലചെയ്യപ്പെടുന്നു; ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ മുന്‍ എംഎല്‍എ ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടി

single-img
10 September 2019

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ മുന്‍ എംഎല്‍എ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി. പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ കൊലചെയ്യപ്പെടുന്നുവെന്ന് ആരോപിച്ചാണ് ഇദ്ദേഹം ഇന്ത്യയില്‍ അഭയം തേടിയത്. പിടിഐയിയുടെ പാകിസ്താനിലെ പ്രധാന നേതാവും മുന്‍ എംഎല്‍എയുമായ ബാല്‍ദേവ് കുമാറാണ് രാഷ്ട്രീയ അഭയം തേടി ഇന്ത്യയിലെത്തിയത്. അവിടെ ഹിന്ദുക്കളും സിഖുകാരും കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഭൂരിപക്ഷമായ മുസ്ലിങ്ങള്‍ പോലും സുരക്ഷിതരല്ലെന്നും അദ്ദേഹം പറയുന്നു.

‘വളരെയേറ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ഞങ്ങള്‍ ഇവിടെ തുടരുന്നത്. ഇന്ത്യ അഭയം തരണമെന്ന് സര്‍ക്കാരിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇനി തിരിച്ചു പോകാന്‍ എനിക്ക് കഴിയില്ല’.-ബാല്‍ദേവ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പാകിസ്താനിലെ ബാരിക്കോട്ടില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ബാല്‍ദേവ്. ഇദ്ദേഹം കുടുംബത്തോടൊപ്പമാണ് ഇപ്പോള്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ മണ്ഡലത്തില്‍ നിന്നുള്ള എംപിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2016 ല്‍ ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. പിന്നീട് തെളിവുകള്‍ ഇല്ലാത്തതിനാല്‍ 2018ല്‍ വെറുതെ വിടുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയില്‍ നിന്നും സഹായങ്ങള്‍ പ്രതീക്ഷിക്കുന്നതായും പാകിസ്താനിലെ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും ബാല്‍ദേവ് പറയുന്നു. അവിടെ നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നുണ്ടെന്നും ധാരാളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.