കേസിന്റെ പുരോഗതി തത്സമയം പരാതിക്കാരന്റെ മൊബൈൽ ഫോണിൽ; പദ്ധതിക്ക് രൂപം നല്‍കി കേരളാ പോലീസ്

single-img
10 September 2019

ഇനിമുതൽ സംസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്തതുമുതൽ ചാർജ് ഷീറ്റ് സമർപ്പിച്ച് പ്രതി ശിക്ഷിക്കപ്പെടുകയോ വെറുതെ വിടുകയോ ചെയ്യുന്നതുവരെയുള്ള വിവരം തത്സമയം പരാതിക്കാരന്റെ മൊബൈൽ ഫോണിൽ ലഭിക്കും. ഇത്തരത്തിലുള്ള പുതിയ സംവിധാനത്തിന്‌ കേരളാ പോലീസ് അന്തിമ രൂപംനൽകി.

തങ്ങള്‍ നല്‍കുന്ന പരാതികളുടെ പുരോഗതി ഡിജിറ്റൽ മാർഗത്തിലൂടെ അറിയിക്കണമെന്ന പൊതുജനങ്ങളുടെ ആഗ്രഹമാണ് ഇതിലൂടെ പൂർത്തീകരിക്കുന്നതെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു.

സംസ്ഥാന ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ്‌ നെറ്റ്‌വർക്ക് ആൻഡ് സിസ്റ്റം നോഡൽ ഓഫീസറും ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജിയുമായ പി പ്രകാശ്, സിസ്റ്റം അനലിസ്റ്റ് മാത്യു സൈമൺ എന്നിവരുടെ ശ്രമഫലമായാണ് ഈ പദ്ധതി പൂർത്തീകരിച്ചത്.

പുതിയ സംവിധാനത്തിലൂടെ വിവരം ലഭ്യമാകാൻ പരാതി നൽകുമ്പോൾത്തന്നെ മൊബൈൽ നമ്പർകൂടി ലഭ്യമാക്കണം. എന്നിട്ടും സന്ദേശം ലഭിക്കാത്തവർ പി പ്രകാശിനെയോ (9497998999) സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലോ(0471 2722500) ബന്ധപ്പെടണം എന്നും അറിയിച്ചിട്ടുണ്ട്.