പശ്ചിമേഷ്യയില്‍ സംഘർഷം; അതിര്‍ത്തി കടന്ന ഇസ്രയേൽ ഡ്രോണ്‍ ഹിസ്ബുള്ള വെടിവെച്ച് വീഴ്ത്തി

single-img
9 September 2019

പശ്ചിമേഷ്യയില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. അതിക്രമിച്ചു ലെബനന്‍ അതിര്‍ത്തി കടന്ന ഇസ്രയേലിന്റെ ഡ്രോണ്‍ ലെബനലിലെ അനൗദ്യോഗിക സായുധ സംഘടനയായ ഹിസ്ബുള്ള ഇന്ന് വെടിവെച്ചിട്ടു. ലെബനനിലെ ദക്ഷിണമേഖലയിലെ അതിര്‍ത്തി പ്രദേശമായ റമിയയിലേക്ക് കുതിച്ച ഡ്രോണിനെ ഹിസ്ബുള്ള അംഗങ്ങൾ വീഴ്ത്തുകയായിരുന്നു. ഇസ്രയേൽ നടത്തിയ നീക്കം മേഖലയിലെ പുതിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവെക്കുക എന്ന് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്ന്‍ നസ്റുള്ള പ്രതികരിച്ചു.

ഇതിന് മുൻപ് തന്നെ ഹിസ്ബുള്ള സംഘത്തിന് ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഇസ്രായേൽ ആരോപണം ഉന്നയിച്ചിരുന്നു. ലെബനനില്‍ ഇറാന്റെ പിന്തുണയിൽ ഹിസ്ബുള്ള മിസൈല്‍ നിര്‍മാണ ഫാക്ടറി നിര്‍മിക്കുന്നെന്നാണ് ഇസ്രായേൽ ആരോപണം ഉന്നയിക്കുന്നത്. ഇറാൻ നൽകുന്ന പിന്തുണയിൽ ലെബനന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സായുധസംഘമായ ഹിസ്ബുള്ളയെ അമേരിക്കയും ഇസ്രയേലും നേരത്തെതന്നെ തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പടുത്തിയിരുന്നു .