കോൺഗ്രസ് നേതാവ് കമല്‍നാഥിനെതിരെയും കേസുമായി കേന്ദ്ര സർക്കാർ; ഡൽഹി സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കാൻ നിർദ്ദേശം

single-img
9 September 2019

കർണാടക കോൺഗ്രസ് നേതാവായ ഡികെ ശിവകുമാറിനും മുൻ കേന്ദ്രമന്ത്രിയായിരുന്ന ചിദംബരത്തിനും പിന്നാലെ മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് കമല്‍നാഥിനെതിരെയും കേസുമായി കേന്ദ്ര സർക്കാർ. മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1984ല്‍ ഡൽഹിയിൽ നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്‍റെ പങ്ക് പുനരന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി.

ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കും. ആയുധ ഇടപാടായ അഗസ്റ്റ വെസ്റ്റ്‍ലന്‍ഡ് കേസില്‍ കമല്‍നാഥിന്‍റെ ബന്ധു രതുല്‍പുരിയുടെ അറസ്റ്റിന് ശേഷമാണ് കമല്‍നാഥിനെതിരെയും കരുക്കള്‍ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. സിഖ് വിരുദ്ധ കലാപത്തില്‍ കമല്‍നാഥ്, ജഗദീഷ് ടെയ്റ്റ്ലര്‍, സജ്ജന്‍ കുമാര്‍ എന്നിവരായിരുന്നു പ്രധാന ആരോപണ വിധേയര്‍.

രകബ്ഗഞ്ചിലെ ഗുരുദ്വാരക്ക് മുന്നില്‍ കലാപകാരികളെ നയിച്ചിരുന്നത് കമല്‍നാഥായിരുന്നു എന്ന് സാക്ഷിമൊഴിയുണ്ടായിരുന്നു. പിന്നീട് കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്റെ മുന്നില്‍ ഇന്ത്യന്‍ എക്സ്പ്രസ്റിപ്പോർട്ടർ ഉൾപ്പെടെ രണ്ട് പേര്‍ കമല്‍നാഥിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. പക്ഷെ കലാപം നിയന്ത്രിക്കാനാണ് താന്‍ അവിടെ പോയതെന്നായിരുന്നു കമൽനാഥ്‌ നൽകിയ വിശദീകരണം.

അന്വേഷണത്തിന്റെ ഒടുവിൽ കലാപത്തില്‍ കമല്‍നാഥിന്‍റെ പങ്കിന് തെളിവില്ലെന്ന് കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു. പ്രസ്തുത കലാപവുമായി ബന്ധപ്പെട്ട് 88 പേരുടെ ശിക്ഷ ദില്ലി ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ശരിവെച്ചിരുന്നു. ഈ കേസിനൊപ്പം അന്വേഷണം അവസാനിപ്പിച്ച 220ഓളം കേസുകളാണ് പുനരന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പഞ്ചാബിൽ ബിജെപിയുടെ സഖ്യകക്ഷിയായ അകാലിദളിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് കേസുകള്‍ പുനരന്വേഷിക്കുന്നത്.